മീന്‍ മുള്ള് കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടു, മനോജ് ഒടുവില്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തി

എടത്വ: മീൻ കൊതിയുള്ളവർ പെട്ടെന്ന് വറുത്തതും കറി വയ്ച്ചതും ആയ മീനുകൾ മുള്ളോടെ  വായിൽ ഇടുന്നതും മുള്ളടക്കം കടിച്ച് ചവച്ച് തിന്നുന്നതും സാധാരണം. എന്നാൽ ആർത്തി കൂടി പോകുമ്പോൾ ചവച്ച് അരയാത്ത മുള്ളുകൾ കൂടി വിഴുങ്ങും. ഇവ അന്ന നാളത്തിൽ കുടുങ്ങി അവിടെ സൂചി കുത്തി കയറുന്ന വേദനയും കട്ട് കഴപ്പും ഉണ്ടാകുമ്പോഴാണ്‌ കാര്യം ഗൗരവം ആകുക. മീന്‍  മുള്ള് കുടുങ്ങി അനുഭവം ഉണ്ടായയ ഒരാളാണ്‌ എടത്വ പച്ചചെക്കിടിക്കാട് കറുകശേരില്‍ മനോജ് മോഹന്‍.

അബുദാബിയില്‍ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുകയായിരുന്നു  മനോജ് മോഹന്‍ (46). തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയതായിരുന്നു അദ്ദേഹത്തെ മരണത്തിന്റെ വക്കില്‍ എത്തിച്ചത്. മീന്‍മുള്ള എടുക്കാനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ അണുബാധയാണ് മനോജിനെ തളര്‍ത്തി കളഞ്ഞത്. ഇപ്പോള്‍ മരണ കാലം താണ്ടി സ്വന്തം നാട്ടില്‍ തിരികെ എത്തിയിരിക്കുകയാണ് അദ്ദേഹം. തലവടി 11-ാം വാര്‍ഡില്‍ മനോജിന്റെ അമ്മയുടെ വീട്ടിലേക്ക് ആണ് മനോജ് എത്തിയത്.

ഇവിടെ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം മാത്രമേ മനോജിന് ചെക്കിട്ടിക്കാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ ആകൂ. മനോജിന്റെ അമ്മയുടെ സഹോദരനായ പവിത്രന്റെ ഭാര്യ സോളിയും മകന്‍ വിഷ്ണുവും മനോജിന്റെ ഭാര്യ സിന്ധുവുമാണ് മനോജിനെ ശുശ്രൂഷിക്കാനായി വീട്ടില്‍ ഉള്ളത്. മനോജ് എത്തിയതോടെ ഇവിടെ താമസിച്ചിരുന്ന പവിത്രനും മക്കളായ ഉത്ര, പവിത്ര എന്നിവര്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മനോജിനെ ആംബുലന്‍സില്‍ ആണ് തലവടിയിലെ വീട്ടില്‍ എത്തിച്ചത്.

മനോജിന് നിത്യേന കുത്തിവെയ്പുണ്ട്. എന്നാല്‍ അത് ഒഴിവാക്കി എടത്വ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനിയുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കാന്‍ കഴിയുന്നതാക്കി. യൂണിയന്‍ പൈപ്പ് ഇന്‍ഡസ്ട്രി എന്ന കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു മനോജ്. രണ്ട് മാസം മുമ്പായിരുന്നു ആഹാരം കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ മുള്ള് കുടുങ്ങിയത്. മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും അണുബാധ പിടിപെടുകയായിരുന്നു. ഇത് സുഷുമ്‌ന നാഡിയെ ബാധിച്ചു.

തുടര്‍ന്ന് വീണ്ടും ഓപ്പറേഷന് വിധേയമാകേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് മനോജിന്റെ ഒരു വശം തളര്‍ന്നു പോയി. ബോധവും മറഞ്ഞു. ജീവിതത്തിലേക്ക് മടങ്ങി എത്തില്ലെന്നായിരുന്നു പലരും കരുതിയത്. ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗണേഷ് കുമാറിന്റെയും മുസഫാ ആര്‍ട്‌സ് സൊസൈറ്റി പ്രവര്‍ത്തകരുടെയും കഴിഞ്ഞ ഒരു മാസത്തെ ശ്രമഫലമായാണ് യാത്ര സാധ്യമാക്കിയത്.