ഇഷ്ടമില്ലാത്ത ഒരാളുടെ സ്പര്‍ശം അങ്ങനെ കണ്ടാല്‍ മതി, കല മോഹന്‍ പറയുന്നു

നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ദിവസവും സ്ത്രീകള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന പല സംഭവങ്ങളും പുറത്ത് വരുന്നുണ്ട്. ഇപ്പോള്‍ ഇത് സംബന്ധിച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. പ്രണയത്തിലായി കിടക്ക പങ്കിടുമ്പോള്‍ അതിനെ പീഡനം എന്ന് വിളിക്കാനാവില്ലെന്ന് കല പറയുന്നു.

കല മോഹന്റെ കുറിപ്പ് ഇങ്ങനെ;

പണ്ടെങ്ങോ വായിച്ച ഓര്‍മ്മയുണ്ട്. മാധവികുട്ടി പറഞ്ഞത്, ഒന്ന് മുക്കി മുള്ളി മൂത്രം ഒഴിച്ച് ഡെറ്റോള്‍ സോപ്പ് ഇട്ടു കഴുകി കളഞ്ഞാല്‍ തീരുന്ന പൊള്ളുന്ന ലൈംഗികതയുടെ ഓര്‍മ്മകളെ പറ്റി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളോട് പലവട്ടം ഞാനും അത് ചൂണ്ടി കാണിച്ചിട്ടുണ്ട്. നമ്മുടെ ഇഷ്ടമില്ലാത്ത ഒരാളുടെ സ്പര്‍ശം അങ്ങനെ കണ്ടാല്‍ മതിയെന്ന്. പക്ഷെ ചില പെണ്ണുങ്ങള്‍ മുന്നില് വന്നു പെടും. നെഞ്ച് പൊള്ളിക്കുന്ന കരച്ചില് കേള്‍പ്പിക്കും. ഉറക്കമില്ലാത്ത രാവുകള്‍ പറഞ്ഞു ഞെട്ടിക്കും.

ശ്വാസമില്ലാതെയും ജീവിക്കാം, പക്ഷെ നിന്റെ സ്‌നേഹം നഷ്ടപ്പെട്ടാല്‍ നൂറു കഷ്ണങ്ങളായി ഞാന്‍ പൊട്ടിച്ചിതറി പോകുമെന്ന് കരയുന്ന ഹൃദയം. അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടതാകില്ല. ആത്മസമര്‍പ്പണം ആകും.. പക്ഷെ, അവന്റെ വിയര്‍ത്ത നെഞ്ചില്‍ ഉമ്മ വെച്ചു പിരിഞ്ഞ ഓര്‍മ്മകളെ എങ്ങനെയാണ് നിസ്സാരവല്‍കരിച്ച് സംസാരിക്കുക. യാതൊരു സ്വാര്‍ത്ഥതാല്പര്യവും ഇല്ലാതിരുന്ന നിമിഷത്തെ പീഡനം എന്ന് പേരിട്ടു വിളിക്കാന്‍ പറ്റില്ല. അവനെ അപമാനിക്കുക അല്ല, അതാ നിമിഷങ്ങള്‍ക്ക് അവള്‍ അവളോട് കാണിക്കുന്ന നീതികേടാകും.

കാലില്‍ പറ്റി ചേര്‍ന്നു നില്‍ക്കുന്ന നായക്കുട്ടിയെ തട്ടി കളയുന്ന ലാഘവത്തോടെ, എടുത്തെറിയപെടുമ്പോള്‍, മനസ്സില്‍, നൂറായിരം വേവുന്ന ഓര്‍മ്മകളാകും. അവരോടു മാധവിക്കുട്ടിയുടെ വാക്കുകള്‍ ചൂണ്ടി കാട്ടാനാകില്ല. അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയല്ല അത്. എങ്ങനെ, ഏത് വാക്കുകള്‍ കോര്‍ത്തു ഞാന്‍ സാന്ത്വനം കൊടുക്കും. അങ്ങനെയും എന്റെ പെണ്ണുങ്ങള്‍.

https://www.facebook.com/kpalakasseril/posts/10158094034494340