എന്നെ ഒന്ന് വിഷം നല്‍കി കൊല്ലുമോ എനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു, ജീവിതത്തെ കുറിച്ച് സ്വര്‍ണ്ണ തോമസ്

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയും നര്‍ത്തകിയുമാണ് സ്വര്‍ണ്ണ തോമസ്. ഷോയ്ക്ക് ശേഷം സിനിമയിലും മോഡലിംഗിലും സ്വര്‍ണ്ണയ്ക്ക് വന്‍ അവസരമായിരുന്നു. അതിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തം സ്വര്‍ണ്ണയെ ലൈം ലൈറ്റില്‍ നിന്നും അപ്രത്യക്ഷമാക്കി. എന്നാല്‍ ഈ ദുരന്തത്തെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് പൂര്‍വാതികം ശക്തിയോടെ തിരികെ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണ.

ഒമ്പത് വര്‍ഷം മുമ്പ് വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും കാല്‍ വഴുതി വീണാണ് സ്വര്‍ണ്ണക്ക് അപകടം സംഭവിച്ചത്. വര്‍ഷങ്ങളോളം താരം ചികിത്സയിലായിരുന്നു. ഇനി മുതല്‍ ശരീരത്തിന് ചലനശേഷിയുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിടത്ത് നിന്ന് നിശ്ചയദാര്‍ഢ്യം ഒന്ന് മാത്രമാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വര്‍ണ്ണയെ പ്രേരിപ്പിച്ചത്. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തനിക്കുണ്ടായ അപകടത്തെ കുറിച്ച് സ്വര്‍ണ്ണ മനസ് തുറന്നു.

‘ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ വന്നതാണ്. നല്ല മഴയുണ്ടായിരുന്നു. വീട്ടിലേക്ക് കയറിയപ്പോള്‍ സഹോദരന്‍ പവന്‍ എന്നെ വിളിക്കുന്ന പോലെ തോന്നി. അവനെ നോക്കാന്‍ വേണ്ടി ബാല്‍ക്കെണിയിലേക്ക് പോയി. ബാല്‍ക്കെണിയുടെ ഒരു വശം ഒടിഞ്ഞിട്ടുണ്ടായിരുന്നു. ആരും അത് ശ്രദ്ധിച്ചിരുന്നില്ല. കാലില്‍ ഹീല്‍സും ഉണ്ടായിരുന്നു. ഞാന്‍ ബാല്‍ക്കെണിയിലേക്ക് ചെന്നപ്പോള്‍ മഴവെള്ളത്തില്‍ ഹീല്‍സ് നനഞ്ഞ് വഴുതി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണു. ആരും കണ്ടില്ല. അവിടെ നിന്ന ഒരു കൊച്ചുകുട്ടിയാണ് പപ്പയേയും മമ്മിയേയും കൂട്ടികൊണ്ട് വന്നത്.’

‘അവര്‍ ഓടി വന്നു. പക്ഷെ ഞാന്‍ ടെറസില്‍ നിന്ന് വീണതാണെന്ന് അവര്‍ക്ക് മനസിലായില്ല. കാരണം ഞാന്‍ വീട്ടില്‍ വന്നത് അവര്‍ കണ്ടിരുന്നില്ല. മാത്രമല്ല എനിക്ക് പുറത്ത് പരിക്കില്ലായിരുന്നു. എല്ലാ പരിക്കും ശരീരത്തിന് അകത്തായിരുന്നു. ഞാന്‍ പറഞ്ഞപ്പോഴാണ് മുകളില്‍ നിന്നാണ് വീണതെന്ന് അവര്‍ മനസിലാക്കിയത്. ആദ്യം ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. ശ്വാസകോശത്തിനും ക്ഷതം ഉണ്ടായിരുന്നതിനാല്‍ അവസ്ഥ മോശമായി കൊണ്ടിരുന്നു. ഉടന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോയി പരിശോധിച്ചപ്പോഴാണ് നട്ടെല്ലിനും ശ്വാസകോശത്തിനും കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരം മൊത്തം തളര്‍ന്ന് പോയിരുന്നു. വീണപ്പോള്‍ ബോധം ഉണ്ടായിരുന്നു. ശേഷം ബോധം നഷ്ടപ്പെട്ടു.’

‘പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ബോധം തിരികെ കിട്ടിയത്. ബോധം വന്നപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു ചലനശേഷി നഷ്ടപ്പെട്ടുവെന്ന്. സംസാരിക്കാന്‍ കഴിയില്ലെന്നതിനാല്‍ ഒരു പേപ്പറും പേനയും എനിക്കായി ഡോക്ടര്‍മാര്‍ കരുതി വെച്ചിരുന്നു. ബോധം വന്നപ്പോള്‍ ഞാന്‍ എഴുതി ചോദിച്ചത് എനിക്ക് ഇനി നൃത്തം ചെയ്യാന്‍ കഴിയുമോ എന്നാണ്. അവരുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് കാര്യങ്ങള്‍ മനസിലായി. അന്ന് സങ്കടം സഹിക്കവയ്യാതെ എന്നെ ഒന്ന് വിഷം നല്‍കി കൊല്ലുമോ എനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് വരെ ഞാന്‍ ഡോക്ടര്‍മാരോട് ചോദിച്ചിരുന്നു. പിന്നീട് തിരിച്ച് വരാനുള്ള ശ്രമമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ എനിക്ക് ചെറുതായി കാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചു. അന്ന് ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ പറഞ്ഞു.’

‘അപ്പോള്‍ മുതലുള്ള ശ്രമമാണ് ഇന്ന് എഴുന്നേറ്റ് നില്‍ക്കാനും വര്‍ക്കൗട്ട് ചെയ്യാനുമുള്ള അവസ്ഥയില്‍ വരെ എത്തിനില്‍ക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചത്. എന്നെ ചികിത്സിച്ചവരെല്ലാം എന്റെ മാറ്റം അതിശയമാണെന്നാണ് പറഞ്ഞത്’ സ്വര്‍ണ്ണ പറയുന്നു. അപകടത്തിന് ശേഷമാണ പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലിയുണ്ട്. അപകടത്തെ തുടര്‍ന്ന് അഭിനയം അവസാനിപ്പിക്കുമ്പോള്‍ നാല് മലയാള സിനിമകളും രണ്ട് തമിഴ് ചിത്രങ്ങളുമാണ് തന്റേതായി ഉണ്ടായിരുന്നത്.