ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്‌റ്റേ തുടരുമെന്നു സുപ്രീം കോടതി

ഡൽഹി∙ ജഹാംഗീർപുരിയിൽ അനധികൃതമായി കയ്യേറ്റമെന്ന പേരിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്‌റ്റേ തുടരുമെന്നു സുപ്രീം കോടതി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നും . നടപടി നിർത്തി വയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തൽ തുടർന്നത് ഗൗരവതരമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനടക്കം എതിര്‍ സത്യവാങ്മൂലം നല്‍കണം.

ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻഡിഎംസി) 9 ബുൾഡോസറുകളുമായി വീടുകളും കടകളും ഇടിച്ചുനിരത്തിയ‌ത്. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള നടപടി. വിഷയത്തിൽ വീണ്ടും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാൻ നിർദേശിച്ചശേഷമാണു നടപടി നിർത്തിവച്ചത്.

സംഘർഷമുണ്ടാക്കിയവരുടെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്കു കത്തയച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയുള്ള നടപടി, സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് ആരോപണം.