താനൂർ കസ്റ്റഡി മരണം, പോലീസ് കസ്റ്റഡിയിൽ മർദനമേറ്റിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലപ്പുറം. താനൂരിലെ കസ്റ്റഡി മരണത്തില്‍ പോലീസ് മര്‍ദ്ദനവും മരണകാരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 21 മുറിവുകളാണ് മരിച്ച താമിറിന്റെ ശരീരത്തിലുണ്ടായിരുന്നത്. പ്രതിക്ക് മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് താമിറിന്റെ കുടുംബം പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്രയും വേഗത്തില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. പോലീസിനെതിരെയുള്ള അന്വേഷണം പോലീസ് തന്നെ നടത്തിയാല്‍ സത്യം പുറത്ത് വരില്ലെന്ന് കുടുംബം പറയുന്നു.