അമര്‍നാഥ് തീര്‍ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരര്‍ പിടിയില്‍

ജമ്മുവില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. അമര്‍നാഥിലേക്ക് തീര്‍ഥയാത്ര നടത്തുന്ന സംഘത്തിന് നേരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ട സംഘത്തെയാണ് പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മുവിലെ റിയാസില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

രജൗരിയിലേയും തെക്കന്‍ കാശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പ്രതികളായ താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ചേര്‍ന്ന് തീര്‍ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്തുവാനായിരുന്നു പദ്ധതി. ഇവരില്‍ നിന്നും രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും പോലീസ് പിടിച്ചെടുത്തു.

പോലീസ് ഇവര്‍ക്കായി നേരത്തെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു എന്നാല്‍ രക്ഷപ്പെടാനായി ഒളിച്ചിരുന്ന ഇവരെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ സംഘടിച്ച് പിടിച്ച് പോലീസിന് നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് നല്‍കുന്ന അഞ്ച് ലക്ഷം രൂപ പാരിതോഷികം നാട്ടുകാര്‍ക്ക് നല്‍കുമെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ താലിബ് ഹുസൈനാണ്.