വെളുത്താലേ സൗന്ദര്യമാവുകയുള്ളോ? ദേവനന്ദയുമായുള്ള താരതമ്യത്തിന് കിടിലൻ മറുപടി നൽകി തന്മയ, കയ്യടിച്ച് സോഷ്യൽമീഡിയ

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് തന്മയ സോൾ എന്ന കൊച്ചു മിടുക്കി. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നു. പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച ബാലതാരത്തിനുള്ള അവാർഡുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ പറ്റിയുള്ള ചോദ്യത്തിന് ബാലനടി തന്മയ സോൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സുന്ദരിയായ ദേവനന്ദക്ക് അവാർഡ് ലഭിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്ന അവതാരകന്റെ പരിാഹാസത്തിന് ‘വെളുത്താലേ സൗന്ദര്യമാവുകയുള്ളോ’ എന്നുള്ള തന്മയയുടെ ചോദ്യമാണ് വൈറലാകുന്നത്. സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ദേവനന്ദയെയാണ്. ഭയങ്കര സുന്ദരിയായ, ഗ്ലാമറസായ കുട്ടിയെ ആണ് ബാലതാരമായി എല്ലാവരും നോക്കിയിരുന്നത്. ആ പ്രതീക്ഷകൾക്ക് വിപരീതമായാണ് തന്മയയെ കാണുന്നത്. അതിന്റെ പേരിൽ ഒരുപാട് ചർച്ചകൾ ഉണ്ടായി. ഇയാൾക്കാണോ അവാർഡ് കിട്ടിയത്, ഇയാളെങ്ങനെ സിനിമയിൽ വരുമെന്നൊക്കെ ചോദിച്ചു. അതിനെ പറ്റി എന്താണ് അഭിപ്രായം’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

തനിക്ക് സന്തോമേയുള്ളൂവെന്നായിരുന്നു തന്മയയുടെ ആദ്യപ്രതികരണം. കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. വലിയ ഉയരത്തിൽ നിൽക്കുന്നവർക്കേ അതൊക്കെ കിട്ടുകയുള്ളൂ. അത്രക്കും ഉയരത്തിൽ എത്തി എന്ന് വേണമെങ്കിൽ എനിക്ക് കരുതാം. അത് ആലോചിച്ച് വിഷമിച്ചാൽ ഞാൻ എന്റെ സമയം വേസ്റ്റ് ചെയ്യുകയാണ്. പിന്നെ വെളുപ്പിലാണ് സൗന്ദര്യമെന്ന് ഞാൻ കരുതുന്നില്ല.

ദേവനന്ദ വളരെ സുന്ദരിയാണെന്ന് ചേട്ടൻ പറഞ്ഞു. ശരിയാണ് ദേവനന്ദയും സുന്ദരിയാണ്. ഞാൻ നല്ലതല്ല എന്ന് ചേട്ടൻ പറയുന്നു, വെളുത്താൽ മാത്രമാണ് നല്ലതെന്ന് പറയുന്നു. ആളുകൾക്ക് പല അഭിപ്രായമുണ്ട്. അവർക്ക് അത് പറയാം. അവരത് പറയട്ടെ. എന്നെ അത് ബാധിക്കില്ല. കേൾക്കാനും രസമുണ്ട്. മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിക്കുക എന്നതാണ് എന്റെ ആഗ്രഹം’ എന്നും തന്മയ പറഞ്ഞു.

2021 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്മയയെയാണ് മികച്ച ബാലതാരമായി തെരഞ്ഞെടുത്തത്.