2010 ന് ശേഷമാണ് നല്ല കഥാപാത്രങ്ങൾ തേടിയെത്തിയത്- തെസ്നി ഖാൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് തെസ്‌നി ഖാൻ. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. അധികവും കോമഡി വേഷങ്ങളാണ് തെസ്‌നി ഖാൻ കൈകാര്യം ചെയ്തത്. സഹനടിയായി തിളങ്ങി നിൽക്കുകയാണ് താരം. പല സൂപ്പർ താര സിനിമകളിലും വളരെയധികം പ്രാധാന്യമുള്ള വേഷങ്ങളിൽ തെസ്‌നി എത്തിയിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നും സിനിമയിൽ സജീവമായ താരം കൂടിയാണ് തെസ്‌നി ഖാൻ. 1989ൽ പുറത്തിറങ്ങിയ ഡെയ്‌സിയാണ് തെസ്‌നി ആദ്യമായി അഭിനയിച്ച ചിത്രം. സിനിമ കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും തെസ്‌നി അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാള് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാൻ. ഷോ തുടങ്ങി 27-ാം ദിവസം തെസ്‌നി ഖാൻ പുറത്തായി. ഇപ്പോളിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് തെസ്നി. വാക്കുകൾ, പിതാവ് അലി ഖാൻ മജീഷ്യനായിരുന്നു. കോഴിക്കോടാണ് ജന്മദേശമെങ്കിലും 1969 ൽ തന്നെ ഉപ്പ കൊച്ചിയിൽ താമസമാക്കി. അദ്ദേഹം കലാഭവനിൽ മാജിക് അധ്യാപകനായിരുന്നു. ചെറുപ്പക്കാലം തൊട്ടേ ഉപ്പയ്‌ക്കൊപ്പം സ്റ്റേജിൽ കയറിയതിനാൽ പേടി ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് വന്ന സമയത്ത് ഇതാണ് കരിയർ എന്ന തോന്നലുണ്ടായിരുന്നില്ല. സുഹൃത്തിന്റെ റോൾ ചെയ്താൽ പിന്നീട് അത്തരം റോളുകൾ മാത്രമേ തേടി വരികയുള്ളൂ എന്നൊന്നും അറിയില്ല

അതുപോലെ അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങൾ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാൻ പരിഗണിക്കപ്പെട്ടില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. 2010 ന് ശേഷമാണ് ശരിക്കും എന്നെ തേടി കോമഡി കഥാപാത്രങ്ങൾ എത്തിയതെത്. മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്ക് വീണ്ടും വന്നത് പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.

ദിലീപേട്ടനാണ് അതിലേക്ക് വിളിച്ചത്. പിന്നാലെ മമ്മൂക്ക നായകനായ പോക്കിരിരാജ യിലേക്കുള്ള വിളി വന്നു. കുറച്ചധികം സീനുകൾ ഉണ്ടായിരുന്നതിനാൽ സിനിമ ഹിറ്റായപ്പോൾ ഗുണം ചെയ്തു. പോക്കിരിരാജയുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് പിന്നീട് ചെയ്ത കാര്യസ്ഥൻ എന്ന സിനിമയിലും നല്ല കഥാപാത്രം കിട്ടി.