പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി മരിച്ചു, നാടുകാണിയില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

മലപ്പുറം. ബാലിക പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തിലാണ് ബാലിക പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടുനിന്നു. നാടുകാണി, ഗൂഡല്ലൂര്‍, ദേവാല, പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.

മൂന്ന് വയസ്സുകാരിക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടി അങ്കണവാടിയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വന്യജീവികളുടെ ആക്രമണം പതിവായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ജീവന് സംരക്ഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കളക്ടറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നീറ് കണക്കിന് വാഹനങ്ങളാണ് പ്രതിഷേധം കാരണം വഴിയില്‍ കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന യാത്രക്കാരും വഴിയില്‍ കുടുങ്ങുകയായിരുന്നു.