ഷാരോണ്‍ രാജിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശ്.

തിരുവനന്തപുരം. പാറശാല സ്വദേശി ഷാരോണ്‍ രാജിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശ്. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിവാക്കിയത്. ഗ്രീഷ്മയുടെ അമ്മാവന്‍ കൃഷി ആവശ്യത്തിനായി വാങ്ങിയ കീടനാശിനിയാണ് ഷരോണിന് കഷയത്തില്‍ കലക്കി നല്‍കിയത് എന്നാണ് വിവരം. അതിന് ശാസ്ത്രീയ തെളിവുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

കോപ്പർ സൾഫേറ്റ് അഥവ തുരിശ് കഴിക്കുന്ന ഡോസിനെ ആശ്രയിച്ച്, ഇത് വ്യാപകമായ ശരീരത്തിലെ സെല്ലുകളെ സസിപ്പിക്കും. വിഷബാധയുടെ വ്യവസ്ഥാപരമായ ഫലങ്ങൾ പ്രധാനമായും ചുവന്ന രക്താണുക്കൾ, ദഹനനാളം, വൃക്കകൾ, ഹൃദയ സിസ്റ്റങ്ങൾ എന്നിവയിൽ കാണപ്പെടും. ഇത് ആന്തരിക പരിശോധനയില്‍ വ്യക്തമാകും. വലിയ അളവിൽ കോപ്പർ സൾഫേറ്റ് ശരീരത്തില്‍ ഉള്ളിൽ പോയാൽ ഓക്കാനം, ഛർദ്ദി എന്നീ ലക്ഷണങ്ങള്‍ കാണിക്കും. ശരീരത്തില്‍ രക്തകോശങ്ങൾ, കരൾ, വൃക്കകൾ എന്നിവയ്ക്ക് ഇത് കേടുപാടുകൾ വരുത്തും.

പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ പുറത്തുവരുന്നത് ക്രൂരയായ കാമുകിയുടെ ദുരൂഹത നിറഞ്ഞ നീക്കങ്ങൾ ആണ്. ഷാരോൺ ഏറെ ഇഷ്ട്ടപ്പെടുകയും വിശ്വസിക്കു കയും ചെയ്തിരുന്ന ഗ്രീഷ്മ മറ്റൊരു ജീവിതത്തിനായി അവനെ ക്രൂരമായി കൊലചെയ്യുകയായിരുന്നു.

കഷായത്തിലും ജ്യൂസിലും കോപ്പര്‍ സള്‍ഫേറ്റ് കലര്‍ത്തി നല്‍കിയായിരുന്നു അത്. ഘട്ടങ്ങളായിട്ടാണ് ഇവ നല്‍കിയതെന്ന് പോലീസ് സംശയിക്കുന്നു. ഗ്രീഷ്മ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും വൈകാതെ പോലീസ് വിശദമായ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

ബിരുദ വിദ്യാര്‍ഥിയായ ഗ്രീഷ്മ കൊലപാതകം നടത്തുന്നത് സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷണം നടത്തിയിരുന്നു. നിര്‍ണായകമായ വാട്‌സ് ആപ്പ് ചാറ്റുകളും ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ കഷായം കുടിച്ച ശേഷം ദേഹാസ്വാസ്ഥ്യം ഷാരോണിന് ഉണ്ടായി. ഇക്കാര്യം അറിഞ്ഞ വീട്ടുകാര്‍ ഗ്രീഷ്മക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടി കുറ്റമേറ്റു എന്ന വാര്‍ത്ത വന്ന പിന്നാലെ മകന് നീതി ലഭിച്ചു എന്നാണ് ഷാരോണിന്റെ അച്ഛന്‍ പ്രതികരിച്ചത്. ഷാരോണിന്റെ സഹോദരന്‍ പെണ്‍കുട്ടിയോട് എന്ത് കഷായമാണ് നല്‍കിയത് എന്ന് ചോദിക്കുന്ന വോയ്‌സ് റെക്കോര്‍ഡ് പുറത്തുവന്നിരുന്നു. പെണ്‍കുട്ടി കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് സംശയിത്തിന് കാരണം.

അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ വേളയില്‍ ഷാരോണ്‍ പെണ്‍കുട്ടിയോട് ജ്യൂസിനെയും കഷായത്തെയും കുറിച്ച് വാട്‌സ് ആപ്പ് വഴി ചോദിച്ചിരുന്നു. എന്ത് കഷായമാണ് അത് എന്ന ചോദ്യത്തിന് പെണ്‍കുട്ടി വ്യക്തമായ മറുപടി നല്‍കാത്തതും പോലീസിന് സംശയം വർധിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ഷാരോണ്‍ കഴിഞ്ഞ 25ന് മരിച്ചത്.

കരളും വൃക്കയും തകരാറിലായിട്ടാണ് മരണം സംഭവിച്ചത്. വിശദമായ പരിശോധനയിലാണ് വിഷാംശം കണ്ടെത്തുന്നത്. മരിക്കുന്നതിന് മുമ്പ് ഷാരോണ്‍ പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കുറ്റപ്പെടുത്താതെയാണ് മൊഴി. ഇയാള്‍ക്ക് ഗ്രീഷ്മയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. എന്നാല്‍ ഗ്രീഷ്മയെ കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചുവെന്നും അത് നടക്കാന്‍ വേണ്ടിയാണ് ഷാരോണെ കൊലപ്പെടുത്തിയതെന്നും യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞിരിക്കുന്നു.

ആദ്യം വിവാഹം കഴിക്കുന്ന വ്യക്തി മരിക്കുമെന്ന വിശ്വാസം പെണ്‍കുട്ടിക്കുണ്ടായിരുന്നു എന്നാണ് വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടാണ് അന്ധവിശ്വാസത്തിന്റെ ഭാഗം കൂടിയാണ് കൊലപാതകം എന്ന് കരുതുന്നത്. ഈ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാന്‍ ഷാരോണ്‍ താലികെട്ടിയിരുന്നു.