പാഴാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കുറയ്ക്കും; കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിഹിതം കുറയുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നയം പുതുക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പുതുക്കിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നതാണ് പ്രഖ്യാപനത്തിന്റെ കാതല്‍. ജനസംഖ്യ, രോഗബാധയുടെ തീവ്രത, വാക്‌സിനേഷന്റെ വേഗത എന്നിവ നോക്കിയാവും വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമാക്കി കളയുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിഹിതം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍ഗണന അനുസരിച്ച്‌ വാക്‌സിന്‍ നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍, രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ളവര്‍, 18 വയസിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന അനുസരിച്ചാണ് വാക്‌സിന്‍ നല്‍കേണ്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും കേന്ദ്രം അറിയിച്ചു.

വാക്‌സിന്റെ ലഭ്യത സംബന്ധിച്ച വിവരം പൊതുജനങ്ങളെ അപ്പപ്പോള്‍ തന്നെ അറിയിക്കണം. ജില്ലകള്‍ക്ക് കൈമാറിയ വാക്‌സിന്റെ കണക്ക് സംസ്ഥാനങ്ങള്‍ നല്‍കണം. ജില്ലാ തലത്തിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമായ വാക്‌സിന്റെ വിവരം അതത് സമയത്ത് പുറത്തുവിടണമെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.