എൽഡിഎഫ് ഭരണത്തിൽ പൊതുകടം കുതിച്ചുയർന്നു സംസ്ഥാനം; ഓരോരുത്തർക്കും 1 ലക്ഷം രൂപയുടെ കടം

കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക് ഡൗണും വികസന മേഖലയിലെ നിക്ഷേപത്തിൽ ഉണ്ടായ കുറവും മൂലം കുതിച്ചുയർന്ന് സംസ്ഥാനത്തിന്റെ പൊതു കടം. എൽഡിഎഫ് ഭരണത്തിൽ നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്തിനുള്ളത്. ഇതോടെ സംസ്ഥാനത്തെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

കൊറോണയ്ക്കു പുറമേ നികുതി വരുമാനത്തിലെ കുറവും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായി. കിഫ്ബി മുഖേനയുള്ള 63,000 കേടി രൂപയും ചേർക്കുമ്പോൾ ആകെ പെതുകടം നാല് ലക്ഷം കോടിയിൽ എത്തും. അതേ തുടർന്നാണ് സംസ്ഥാനത്തെ ഓരോ പൗരനും ഇത്രയും വലിയ തുകയുടെ ബാദ്ധ്യത വന്നത്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു മാസം 2000 കോടി രൂപയെങ്കിലും കടമെടുക്കേണ്ട അവസ്ഥയായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസം 3000 കോടി രൂപയാണ് സർക്കാർ കടമെടുത്തിരുന്നത്. കഴിഞ്ഞ വർഷം മാത്രം 38,189 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്.