വടകരയിൽ കാര്‍യാത്രക്കാരനെ മർദിച്ച സംഭവം, ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വടകര : കാര്‍യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കി. വടകര ആര്‍.ടി.ഒ. ഒരുമാസത്തേയ്ക്കാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തത്‌. കഴിഞ്ഞദിവസം കുട്ടോത്തുകാവില്‍ റോഡിനുസമീപമായിരുന്നു സംഭവം.

സംഭവത്തിൽ ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറോട് എടപ്പാളിലെ ഡ്രൈവേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി റോഡ്സുരക്ഷാ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 25-നാണ് കുട്ടോത്ത് കാര്‍തടഞ്ഞ് കാറോടിച്ച ഇരിങ്ങല്‍ സ്വദേശി സാജിദിനെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഡ്രൈവറെയും കണ്ടക്ടറെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തിയിരുന്നു, പിന്നാലെ ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.