വണ്ടിപ്പെരിയാർ കൊല, കോടതി വിധി റദ്ദാക്കാൻ അപ്പീൽ നൽകുമെന്ന് കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം. അന്വേഷണത്തിൽ വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കുടുംബം വ്യക്തമാക്കി.

തെളിവെടുപ്പിനിടെ പ്രതി അർജുൻ എല്ലാ കുറ്റവും സമ്മതിച്ചിരുന്നെന്ന് കുട്ടിയുടെ അമ്മ. കോടതി പ്രതിഭാ​ഗത്തിന് ഒപ്പമാണെന്നും തെളിവുകൾ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനനമാണ് ഉന്നയിച്ചത്.

പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്ത ദിവസം അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. അ‍ർജുനെതിരെ ശാസ്ത്രീയ തെളിവുകൾ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്.