പിണറായി വിജയന് ക്രിമിനല്‍ മനസ്സ്, കണ്ണൂരില്‍ നടന്നത് ഗുണ്ടായിസമാണെന്ന് വിഡി സതീശന്‍

കൊച്ചി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസ്സില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനത്തിനിരയായ സംഭവത്തിലാണ് വിമര്‍ശനം. കണ്ണൂരില്‍ നടന്നത് ഗുണ്ടായിസമാണെന്നും അതിനെ ന്യായീകരിക്കുന്ന പിണറായി വിജയന്‍ ക്രിമിനല്‍ മനസ്സുള്ള വ്യക്തിയാണെന്നും വിഡി സതീശന്‍ പറയുന്നു.

കണ്ണൂരില്‍ ജീവന്‍ അപകടത്തില്‍ പെടുന്ന വിധത്തില്‍ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ ശ്രമിച്ചതെന്നായിരുന്നു സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം മാതൃകാ പ്രവര്‍ത്തനം തുടരണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ എതിരാളികളെ കൊല്ലാനും വീട് കത്തിക്കാനും ഉത്തരവ് കൊടുത്ത ക്രിമിനലാണ് പിണറായി എന്ന് വിഡി സതീശന്‍ പറഞ്ഞു.

ക്രൂരമായ ആക്രമണം നടത്തിയവരെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രി. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.