ബഫര്‍ സോണ്‍ വിഷയം; വനം വകുപ്പ് മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം : വനം വകുപ്പ് മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് മന്ത്രി സ്വയം തെളിയിച്ചു. കക്ഷി നേതാവായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധി വന്ന ജൂണ്‍ മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാല്‍പര്യത്തിന് വിരുദ്ധമാണ്.

ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29-ന് ലഭിച്ചതാണ്. അപൂര്‍ണ റിപ്പോര്‍ട്ടാണെന്ന് അറിയാമായിരുന്നിട്ടും മൂന്നര മാസത്തോളും ഒളിപ്പിച്ച് വച്ചു. വീടുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ദേവാലയങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ശേഖരിച്ച് 15 ദിവസം കൊണ്ട് മാനുവല്‍ സര്‍വേ നടത്താമായിരുന്നു. എന്നിട്ടും ബഫര്‍ സോണില്‍ അപകടകരമായ സ്ഥിതിയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റാത്ത വനം മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നതെന്നും സതീശന്‍ ചോദിച്ചു.