വിജയ്, ബാബു ആന്റണിയുടെ ആരാധകൻ, ഞെട്ടിത്തരിച്ച് ബാബു ആന്റണി, കുറിപ്പ് ഇങ്ങനെ

വിജയ് തന്റെ ആരാധകനാണെന്ന് പറഞ്ഞതായും ഞാൻ ശരിക്ക് ഞെട്ടിപ്പോയെന്നും ബാബു ആന്റണി. വിജയ്ക്കൊപ്പം ഒന്നിച്ച് അഭിനയിച്ചതിനെക്കുറിച്ച് ബാബു ആന്റണി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഉൾപ്പടെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആക്ഷൻ താരം ബാബു ആന്റണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബാബു ആന്റണി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

‘ഒരേയൊരു ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്നേഹവും ഉള്ള ആളാണ്. ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ അദ്ദേഹം വളരെ അധികം ആസ്വദിച്ചു എന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. പിന്നെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ മറ്റു പലരും എന്നോട് നല്ല വാക്കുകൾ പറഞ്ഞു. അതൊരു അനു​ഗ്രഹമായിരുന്നു. വിജയ് സാറിനേയും എല്ലാവരേയും ഞാൻ ആദ്യമായാണ് കാണുന്നത്. ലിയോ സെറ്റിൽ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഫോട്ടോ ബാബു ആന്റണി പങ്കു വെച്ചിട്ടുണ്ട്.

ലിയോയുടെ കശ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അതിനു പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. തൃഷ ആണ് ചിത്രത്തിലെ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.