പിണറായിയുടെ പോലീസിനെ വിശ്വാസമില്ല, സംരക്ഷണം വേണ്ട, കോൺഗ്രസുകാർ പോലീസിനെ ആട്ടിയോടിച്ചു.

കൽപ്പറ്റ/ വയനാട് ഡി സി സി ഓഫീസിൽ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം നടക്കുന്നതിനിടെ എത്തിയ പോലീസിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു നിർത്തി ആട്ടിയോടിച്ചു. “സഹായിക്കേണ്ട സമയത്ത് പൊലീസ് ഞങ്ങളെ സഹായിച്ചില്ല, ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല.നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമില്ല. നിങ്ങളുടെ സഹായം എങ്ങനെയെന്ന് ഇന്നലെ ഞങ്ങൾ മനസിലാക്കി” എന്ന് പറഞ്ഞു പോലീസിനെ കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസിന്റെ ഗേറ്റ് വരെ തുരത്തുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോടും പൊലീസിനോടും കയർക്കുകയുണ്ടായി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ ശക്തമായി അപലപിച്ചു സംസാരിക്കുമ്പോഴായിരുന്നു സംഭവം.

‘കഴിഞ്ഞ ദിവസം എംപി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിന് ശേഷം വന്ന ചില ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുവരിൽ തന്നെയുണ്ടായിരുന്നല്ലോ’ ദേശാഭിമാനി ലേഖകന്റെ ചോദ്യം ആണ് പ്രതിപക്ഷ നേതാവ് വികാരഭരിതനാവാൻ കാരണമാക്കിയത്. ഇതേ ചൊല്ലി പ്രതിപക്ഷ നേതാവ് വികാരഭരിതനാവുകയും ദേശാഭിമാനി ലേഖകനുമായി വാക്ക് തർക്കത്തിലാവുകയുമായിരുന്നു.

ഈ സമയത്താണ് പൊലീസ് ഡിസിസി ഓഫീസിനുള്ളിലേയ്ക്ക് കയറി വരുന്നത്. തുടർന്ന് പൊലീസിന്റെ സംരക്ഷണം തങ്ങൾക്കാവശ്യമില്ലെന്നു പറഞ്ഞു കോൺഗ്രസ് നേതാക്കൾ പൊലീസിനെ തടയുകയായിരുന്നു. സഹായിക്കേണ്ട സമയത്ത് പൊലീസ് ഞങ്ങളെ സഹായിച്ചില്ല, അതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് സഹായം ആവശ്യമില്ല. ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല.

നിങ്ങളുടെ സഹായം എങ്ങനെയെന്ന് ഇന്നലെ ഞങ്ങൾ മനസിലാക്കിയതാണെന്നും നേതാക്കൾ പറയുകയായിരുന്നു. ഒരു മണിക്കൂറോളം അക്രമം നടന്നപ്പോൾ നിങ്ങൾ നോക്കി നിൽക്കുകയായിരുന്നില്ലേ എന്ന് ടി സിദ്ദിഖ്, ബാലകൃഷ്ണൻ എന്നിവരടക്കമുള്ള നേതാക്കൾ ചോദിക്കുകയുണ്ടായി. തുടർന്ന് നേതാക്കൾ പൊലീസിനെ ഡിസിസി ഓഫീസ് ഗേറ്റിന് പുറത്താക്കുകയാണ് ഉണ്ടായത്.