ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗള്‍ഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു, വഹാബ് പറയുന്നു

പലപ്പോഴും പ്രവാസ ലോകത്ത് എത്തി കുടുംബത്തിനായി കഷ്ടപ്പെടുന്നവരുണ്ട്. സ്വന്തം മക്കളെ കൊഞ്ചിക്കാനും അവരെ ഒന്ന് കെട്ടിപ്പിടിക്കാനും പോലും സാധിക്കാതെ കുടുംബത്തിനായി കഷ്ടപ്പെടുന്നവരാണ് ഇതില്‍ അധികവും. ഇത്തരത്തില്‍ പ്രവാസിയായ തന്റെ ഉപ്പയെ കുറിച്ച് വഹാബ് കൊടൂര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഉപ്പ ലോകത്തെ വിട്ട് പിരിഞ്ഞ വിവരമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. കുട്ടിക്കാലത്ത് ഗള്‍ഫില്‍ നിന്നും എത്തുന്ന ഉപ്പയെ വെറും അതിഥിയായി മാത്രമാണ് കണ്ടിരുന്നത്. ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗള്‍ഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു എന്നും വഹാബ് ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മായായ വേള്‍ഡമ മലയാളി സര്‍ക്കിളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം, ‘ഉപ്പ ഗള്‍ഫില്‍ ആണ്’ പഠിക്കുന്ന കാലത്ത് വളരെ അഭിമാനത്തോടെ ഒരുപാട് തവണ പറഞ്ഞതും, കേട്ടതും ഈ വാക്കാണ്. എന്തെങ്കിലും പിരിവിന്റെ സമയത്ത്. സ്‌കൂള്‍, മദ്രസ പഠനകാലത്ത് , നാട്ടിലെ പള്ളി പുതുക്കി പണിയുന്ന സമയത്ത്. ചില കല്യാണ കാര്യത്തില്‍ ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും എന്റെ ഉപ്പാന്റെ ഗള്‍ഫ് ജീവിതം എനിക്ക് വല്ലാത്ത അഭിമാനമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ വിരുന്ന് വരുന്ന ഉപ്പ ഉമ്മയോളം ഹൃദയത്തില്‍ ചേര്‍ന്ന ഒരാളായിരുന്നില്ല.

എന്നാല്‍ ഉപ്പ കൊണ്ട് വന്ന കളിപ്പാട്ടങ്ങള്‍ എല്ലാം നെഞ്ചോട് ചേര്‍ത്തിരുന്നു. ഉപ്പാന്റെ ഫോണ്‍ വരുക അടുത്ത വീട്ടിലേക്കാണ് ഉമ്മ ഓടി പോകുമ്പോള്‍ കൂടെ ഞാനും പോകും എന്നാല്‍ ഉപ്പാനോട് സംസാരിക്കാന്‍ കൂട്ടാകില. ഉമ്മാന്റെ ഭീഷണിക് വഴങ്ങി ഫോണ്‍ എടുത്താല്‍ എനിക്ക് വേണ്ട കളിപ്പാട്ടങ്ങളുടെ ലിസ്റ്റ് കൊടുക്കും ഫോണ്‍ വെക്കും. രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നാലോ ഒരു വിരുന്ന് കാരനെ പോലെ, നാട്ടിലെ വളര്‍ന്ന് വരുന്ന കുട്ടികളെ അറിയില്ല , എന്റെ കൂട്ടുകാരെ അറിയില്ല , അങ്ങാടിയിലേക്ക് ഇറങ്ങിയാല്‍ അവിടെയും ഒറ്റപ്പെടല്‍, മക്കളായ ഞങ്ങളും ആവിശ്യങ്ങള്‍ പറയുന്നതും. കളിയും,തമാശയും എല്ലാം ഉമ്മയോട് മാത്രം ….

അടങ്ങാത്ത ഇഷ്ട്ടം കൊണ്ട് പിടിച്ച് നിര്‍ത്തി ഉപ്പാന്റെ കുട്ടി ഉപ്പാക് ഒരു ഉമ്മകൊണ്ട എന്ന് നിര്‍ബന്ധിച്ചാല്‍ താടി കുത്തും, പിന്നെ തരാം, എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. കെട്ടിപിടിച്ചു ഉമ്മ വെച്ചാലോ ഒരു അഞ്ചാറ് തവണ മുഖം തുടക്കും. എന്നും ഒരു വിരുന്നു കാരനായി മാത്രമെ കണ്ടിട്ടൊള്ളൂ. സ്‌കൂള്‍ വിട്ട് ഓടിവരുമ്പോള്‍ ഉപ്പാന്റെ കുട്ടിവാ എന്ന് പറഞ്ഞു കൈ നീട്ടുമ്പോള്‍ ഉപ്പാക് പിടി കൊടുക്കാതെ ഉമ്മാന്റെ അടുത്തേക് ഓടും. ലീവ് കഴിഞ്ഞു കൊണ്ടാകുമ്പോള്‍ ജീപ്പിന്റെ ഡോര്‍ സൈഡില്‍ സീറ്റ് കിട്ടുമോ എന്നതാകും എന്റെ ചിന്ത. എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ വിമാനം കാണാന്‍ ഉള്ള തിടുക്കവും ഇതിനിടയില്‍ രണ്ട് വര്‍ഷത്തില്‍ കിട്ടിയ ഒരു മാസ ലീവ് കഴിഞ്ഞു പ്രവാസി എന്ന പരാജിതന്‍ പോകുന്നത് ആ കുഞ്ഞു ബാല്യം അറിഞ്ഞതേ ഇല്ല.

കാലം കഴിഞ്ഞു പ്രവാസത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങി നല്ല കാലം എല്ലാം പ്രവാസം പിഴിഞ്ഞു എടുത്തു അസുഖങ്ങളുടെ ഭാരം ചുമലില്‍ ഏറ്റി ഉപ്പ നാട്ടില്‍ എത്തി. പിന്നീട് അങ്ങോട്ട് ഗള്‍ഫ്കാരന്റെ ജീവിത പ്രയാസങ്ങള്‍ എല്ലാം ഉപ്പ ഏറ്റുവാങ്ങി. പ്രവാസം നിര്‍ത്തി വെറും 2 വര്‍ഷം തികയും മുമ്പ് ഉമ്മാന്റെ മരണം. നിരന്തരം അസുഖങ്ങള്‍ പിന്നീട് കാന്‍സര്‍ എന്ന മാറാരോഗം. അങ്ങനെ അങ്ങനെ ഉപ്പാന്റെ ജീവിതം എന്ന തോണി ജീവിത പരീക്ഷണങ്ങളില്‍ അടിയുലഞ്ഞുകൊണ്ടേ ഇരുന്നു. ഒടുവില്‍ എല്ലാവിധ പരാജയങ്ങളും ഏറ്റുവാങ്ങി എന്റെ പൊന്നുപ്പ യാത്രയായി. ബാല്യത്തില്‍ പൊങ്ങച്ചത്തിന്റെ വാക്കായ ഗള്‍ഫ്. ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗള്‍ഫ് എന്ന് എന്റെ ഉപ്പാന്റെ ജീവിതം എന്നോട് പറഞ്ഞു.