വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം; ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന കുറുവാ ദ്വീപ് ജീവനക്കാരന് ദാരുണാന്ത്യം

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു തീവ്രപരിചരണ വിഭാഗത്തിൽ ചികത്സ തേടിയ ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ടു , ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ ജീവന് വേണ്ടി അവസാന നിമിഷം വരെ പോരാടിയിട്ടും ജീവൻ രക്ഷിക്കാനായില്ല .കുറുവാ ദ്വീപില്‍വെച്ചാണ് വനംവകുപ്പ് വാച്ചറായ പോളിനെ കാട്ടാന ആക്രമിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് പോളിന് കാട്ടാനയുടെ കുത്തേറ്റത്. പാക്കം- കുറുവാ ദ്വീപ് റൂട്ടില്‍ ചെറിയമല വനമേഖലയില്‍ വെച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോളിനെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പോളുമായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഒരുമണിക്കൂര്‍ 57 മിനിറ്റുകൊണ്ടാണ് ആംബുലന്‍സ് കോഴിക്കോട്ട് എത്തിയത്. ഐ.സി.യു. ആംബുലന്‍സിലായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.
ഇതിനിടെ ,പോളിനെ ആശുപത്രയിൽ കൊണ്ടുപോകാൻ ഹെലികോപ്റ്റർ എത്തിയത് ഏറെ വൈകിയെന്നും ആരോപണം ഉണ്ട്.ഇന്ന് രാവിലെ 9.30ന് കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പോളിനെ കൊണ്ടുപോകാനാണ് കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിയത്. മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ് വനംമന്ത്രിയുടെ നിർദേശപ്രകാരം ഹെലികോപ്റ്റർ എത്തിയത്.

മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഒരുമണിയോടെയാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഇതിനിടെ ഏറെ നേരം കാത്തു നിന്നിട്ടും ഹെലികോപ്റ്റർ എത്താത്തതിനെത്തുടർന്ന് പോളിനെ ആംബുലൻസിൽ റോഡ് മാർഗം കോഴിക്കോടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ മാനന്തവാടിയിൽ എത്തിയെങ്കിലും അപ്പോഴേക്കും റോഡ് മാർഗം പോയ ആംബുലൻസ് കൽപ്പറ്റയിലെത്തി.

ഹെലികോപ്റ്റർ കൽപ്പറ്റയിലേക്ക് എത്തുമെന്ന് കരുതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പോളിനെ കൊണ്ടുപോയ ആംബുലൻസ് നിർത്തി കാത്തുനിന്നു. എന്നാൽ കൽപ്പറ്റയിലേക്ക് ഹെലികോപ്റ്റർ എത്താൻ വൈകിയതോടെ റോഡ് മാർഗം കോഴിക്കോടേക്ക് യാത്ര തുടർന്നു. ഹെലികോപ്റ്റർ നിലവിൽ മാനന്തവാടിയിൽ തന്നെ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ പോളിനെ കിടത്തി മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. എന്നാൽ കോയമ്പത്തൂരിൽ നിന്ന് എത്തിയ ഹെലികോപ്റ്ററിൽ അതിനുള്ള സൗകര്യം ഇല്ല. അതിനാൽ റോഡ് മാർഗം തന്നെ പോളിനെ കോഴിക്കോടേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒരു മണിക്കൂര്‍ 57 മിനിറ്റുകൊണ്ടാണ് ആംബുലന്‍സ് മാനന്തവാടിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.തുടർന്ന് പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്.