അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം, പോലീസിനെ വിമർശിച്ച് കോടതി

കൊച്ചി : പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാൻ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നുമുള്ള ആക്ഷേപത്തിൽ വി.ആർ. റിനീഷിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്നും കോടതി ചോദിച്ചു.

വിഷയത്തിൽ മാപ്പപേക്ഷ നൽകാമെന്ന് എസ്.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലം പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമർശനം. സാഹചര്യം സമ്മർദമാണ് ഇതിനൊക്കെ ഇടയാക്കിയതെന്ന മാപ്പപേക്ഷയിലെ പരാമര്‍ശം കോടതിയെ ചൊടിപ്പിച്ചു. ‘സാഹചര്യങ്ങളുടെ സമ്മർദംമൂലം എന്തും ചെയ്യാമെന്നാണോ എന്ന് കോടതി ചോദിച്ചു

കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആർ. റെനീഷും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട്, ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. ഇതിന്റെ പേരിൽ ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിൽ അഭിഭാഷകനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.