ശരാശരി 80,000 യാത്രക്കാർ മാത്രം, കൊച്ചി മെട്രോ പ്രതിദിനം ഒരു കോടി നഷ്ടത്തിൽ.

കൊച്ചി. കണക്ക് കൂട്ടിയ യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലേക്ക്. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് രണ്ടാംഘട്ട പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ പ്രതിസന്ധിയിലാക്കിയിരി ക്കുകയാണ്. നിലവില്‍ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ശരാശരി 80,000 മാത്രം. ആദ്യഘട്ടത്തിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതിദിനം മൂന്നര ലക്ഷം യാത്രക്കാരുണ്ടാകുമെ ന്നായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും ‘മൂന്നര ലക്ഷം യാത്രക്കാർ’ എന്നതിന്റെ ഏഴയിലത്ത് എത്താൻ കൊച്ചി മെട്രോക്ക് ആയിട്ടില്ല.

പ്രതീക്ഷിച്ച വരുമാനം വെച്ച് നോക്കിയാല്‍ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് ഇപ്പോൾ പദ്ധതിക്ക് ഉള്ളത്. ഈ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിനായി രാജ്യാന്തര ഏജന്‍സികളും കേന്ദ്രസര്‍ക്കാരും ഫണ്ട് അനുവദിക്കാന്‍ തയ്യാറാകാത്ത് സ്ഥിതിയാണുള്ളത്. യാത്രക്കാരുടെ എണ്ണം ഉയരാതെ പദ്ധതി ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് ഇവര്‍ അതൃപ്തി കാണിക്കുന്നത്.

1,957 കോടി രൂപയാണ് മെട്രോ രണ്ടാം ഘട്ടത്തിനായി ചെലവ് കണക്കാക്കുന്നത്. പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. ഇത് പൂര്‍ത്തിയാകുമ്പോഴേക്കും ചെലവ് 3000 കോടി വരെ എത്തും. സ്ഥലമേറ്റെടുപ്പ്, കാന നിര്‍മാണം അടക്കമുള്ളവ നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിര്‍മാണ ചെലവിനുള്ള പണം കണ്ടെത്താനാകാത്തതാണ് പദ്ധതി അനന്തമായി നീളുന്നതിനു കാരണം.

ഇതിനിടെ രണ്ടാം ഘട്ട നിര്‍മ്മാണ ചെലവ് കുറച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്ന് അഭിപ്രായം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് സാങ്കേതിക തകരാറുകള്‍ അടക്കമുള്ളവയിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഉണ്ടാക്കുന്നത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയൊരു വര്‍ധന ഉണ്ടാകുന്നത് വരെ കാത്തിരുന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നത് ചിലപ്പോൾ നടക്കാത്ത സ്വപ്നമാവും. ഈ സാഹചര്യത്തില്‍ ചെലവ് കുറച്ച് പദ്ധതി നടപ്പാക്കുന്നത് അടക്കമുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.