കടം കൊണ്ട് മുടിഞ്ഞിട്ടും ധൂർത്ത് തീരുന്നില്ല, അഡ്വക്കേറ്റ് ജനറലിന് കാറിന് 16.18 ലക്ഷം

 

തിരുവനന്തപുരം/ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് മാത്രം അറുതിയില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുകയും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളമോ, പെന്‍ഷനോ ലഭിക്കാതെ നട്ടംതിരിയുകയും ചെയ്യുമ്പോൾ അഡ്വക്കേറ്റ് ജനറലിന് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ധനവകുപ്പ് എതിര്‍ത്തിട്ടും അതിനെ മറികടന്നാണ് ഉത്തരവ്. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറി ഉത്തരവിറക്കിയത്. എന്നാല്‍ ഇതിന് നല്‍കിയ വിശദീകരണം എ.ജി ഉപയോഗിച്ചിരുന്ന കാര്‍ 2017ല്‍ വാങ്ങിയതാണെന്നും ഇത് 86552 കിലോമീറ്ററോളം ഓടിക്കഴിഞ്ഞു എന്നുമായിരുന്നു. ആ കാര്‍ ഇനി ദീര്‍ഘ ദൂരയാത്രകള്‍ക്ക് അനുയോജ്യമല്ല, പുതിയ കാര്‍ വേണമെന്നും എ.ജി ഓഫീസ് ആവശ്യപ്പെടുകയായിരുന്നു.

ആവശ്യം ധനകാര്യ വകുപ്പ് തളളിയപ്പോൾ വാഹനം വാങ്ങുന്നത് പരിഗണിക്കാമെന്ന് നിയമവകുപ്പ് അറിയിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുകയും മന്ത്രിസഭയുടെ അംഗീകാരം വാഹനം വാങ്ങാൻ നൽകുകയുമായിരുന്നു. സാമ്പക പ്രതിസന്ധി കണക്കിലെടുത്ത് ധനവകുപ്പ് എതിര്‍ത്തിട്ടും അതിനെ മറികടക്കാൻ മന്ത്രിസഭയുടെ തീരുമാന ത്തോടെ ഉത്തരവ് ഉണ്ടാക്കുകയായിരുന്നു.