അലമ്പുണ്ടാക്കിയ ഹോട്ടലിൽ, ചിന്ത വളരെ മാന്യമായി ഭക്ഷണം കഴിച്ചു മടങ്ങിയെന്ന് ഹോട്ടൽ ഉടമ ; എന്നാൽ സി.സി ടി വി ദൃശ്യങ്ങൾ തരാൻ പറ്റില്ല ; പാർട്ടിയെ ഭയന്ന് ജീവനക്കാർ

തിരുവനന്തപുരം : ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിന് ഹോട്ടലിലെ ജീവനക്കാരോട് ചിന്താ ജെറോം തട്ടിക്കയറിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിലെ സത്യാവസ്ഥ തിരക്കി കർമ്മ ന്യൂസ് നടത്തിയ അന്വേഷണത്തിൽ മനസിലാക്കാനായത് ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ചിന്താ ജെറോം ഭക്ഷണം കഴിക്കാനെത്തിയ കുമാർ കഫേയുടെ ഉടമ വിജയനാഥ് ഇങ്ങനൊയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ ആരെയോ ഭയന്നുകൊണ്ടുള്ള മറുപടിയാണ് ഇതെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തമാണ്. ദൃശ്യങ്ങളിൽ അവ വ്യക്തമാണ്.

പറയുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് യാതൊരു ഉറപ്പുമില്ലായിരുന്നു. അടിമുടി പതറിയ അവസ്ഥയിലായിരുന്നു അദ്ദേഹം. കർമ്മ ന്യൂസ്റിപ്പോർട്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ അധികം ആലോചിച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത്. പറയുന്ന കാര്യങ്ങൾ മാറി പറയാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സി.പി.എം ഭീഷണിക്ക് വഴങ്ങിയാകണം ഈ മറുപടിയെന്നത് വ്യക്തമാണ്.

ഹോട്ടൽ ഉടമയുടെ മറുപടിയിൽ സംശയം തോന്നിയ റിപ്പോർട്ടർ ഹോട്ടലിലെ സി.സി ടി വി ദൃശ്യങ്ങൾ തരുമോ എന്ന് ചോദിച്ചതോടെ ഉടമ ശരിക്കും പരിങ്ങലിലായി. എന്നാലും തരാമെന്ന് പറഞ്ഞു. പക്ഷെ ഓപ്പറേറ്റ് ചെയ്യുന്ന വ്യക്തി അവിടെ ഇല്ലെന്നായി അടുത്ത ന്യായം. സി.സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ അതൊന്നും തരാനാകില്ലെന്നായി മറുപടി. ഒന്നും നടന്നിട്ടില്ലെങ്കിൽ എന്തുകൊണ്ട് ദൃശ്യങ്ങൾ പുറത്തുവിടാൻ ആകില്ല. പാവപ്പെട്ടവനുമേൽ കുതിരകയറുകയും, അവ പുറത്താകുമ്പോൾ സ്വാധീനം ഉപയോഗിച്ച് എല്ലാം അടിച്ചമർത്താനും കഴിവുള്ളവരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിന്റെ ഉത്തമ തെളിവാണിത്. വിശദമായ വീഡിയോ റിപ്പോർട്ട് കാണാം.