15 വയസ്സുള്ള അനിഖയ്ക്ക് എതിരെ പോലും അശ്ലീല കമന്റുകള്‍, ലജ്ജ തോന്നുന്നുവെന്ന് ആഭിരാമി

ഒരു വിഭാഗം ഞരമ്പ് രോഗികളായ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികളുടെ സ്ഥിരം പരിപാടിയാണ്‌ സ്ത്രീകളേ കണ്ടാൽ ഉടൻ കമന്റായി അശ്ലീലം എഴുതുക. ചുരുക്കത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ പലരും ഇനിയും അറിവും വിവേകവും നേടിയിട്ടില്ല എന്നതാണ്‌ സത്യം..

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രന്‍. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങി. സോഷ്യല്‍ മീഡിയകളിലും അനിഖ സജീവമാണ്. അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. സെലിബ്രിറ്റികള്‍ നവമാധ്യമങ്ങളില്‍ നേരിടേണ്ടി വരുന്ന ഗുരുതര പ്രശ്‌നം അനിഖയും നേരിടേണ്ടി വന്നിരിക്കുകയാണ്. നടിമാരോ മറ്റും സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളിട്ടാല്‍ മോശമായ രീതിയില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് തന്നെയാണ് അനിഖയുടെ ചിത്രത്തിന് കീഴിലുമെത്തിയത്.

അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രംഗത്ത് എത്തി. 15 വയസ് മാത്രം പ്രായമുള്ള അനിഖയ്ക്ക് എതിരെ ഇത്തരം മോശം കമന്റുകള്‍ എത്തിയതോടെ കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നാണ് അഭിരാമി വിമര്‍ശിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് അഭിരാമി പ്രതികരിച്ചിരിക്കുന്നത്.

 

 

‘കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്, നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു’- അഭിരാമി കുറിച്ചു. അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും പലരും പറഞ്ഞു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്ത് എത്തുന്നത്. യെന്നെ അറിന്താല്‍, വിശ്വാസം തുടങ്ങിയ തമിഴ് സിനിമകളിലും അനിഖ അഭിനയിച്ചു. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്വീനി’ലും അനിഖ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോള്‍ ആദ്യമായി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് അനിഖ.