കൊല്ലം സിപിഐഎമ്മില്‍ നടപടി; മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിന് താക്കീത്

കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, എന്‍ എസ് വസന്തകുമാര്‍ എന്നിവരെ തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലേക്കാണ് ഇരുവരെയും തരംതാഴ്ത്തിയത്. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി.

മുന്‍മന്ത്രി ജെ മെര്‍സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി തുളസീധരക്കുറുപ്പിന് താക്കിത്. ബി തുളസീധരക്കുറുപ്പ് ഉള്‍പ്പെടെ നാല് നേതാക്കള്‍ക്കാണ് സിപിഐഎം താക്കിത് നല്‍കിയത്. എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് നടപടി.

എസ് രാജേന്ദ്രന്‍ കണ്‍വീനറായ കമ്മീഷനാണ് തോല്‍വി അന്വേഷിച്ചത്. സ്ഥാനാര്‍ഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കള്‍ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് വിജയരാഘവന്റെ സാന്നിധ്യത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലത്തിലെ തോല്‍വി വലിയ വീഴ്ചയാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. കരുനാഗപ്പള്ളിയില്‍ പരാജയമുണ്ടായത് സിപിഐ സ്ഥാനാര്‍ഥിയായ ആര്‍ രാമചന്ദ്രനാണെങ്കിലും സിപിഐഎമ്മിനും തോല്‍വി അപമാനകരമാണെന്നായിരുന്നു അഭിപ്രായമുയര്‍ന്നത്.