സാങ്കേതിക രംഗത്ത് സ്ത്രീകള്‍ മുന്നോട്ട് വന്നാലെ കഴിവുകള്‍ ലോകം തിരിച്ചറിയൂ; പ്രിയാമണി മനസ് തുറക്കുന്നു

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും പുറമെ ബോളിവുഡിലും പ്രിയ മണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് പ്രിയമണി. എവിടെ ആയാലും തനിയ്ക്ക് പറയാന്‍ തോന്നുന്ന കാര്യം വെട്ടി തുറന്ന് പറയാന്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പ്രിയ മണി. സിനിമയില്‍ സാങ്കേതിര രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ വരണം എന്നാണ് ഇപ്പോള്‍ പ്രിയ മണിയുടെ ആവശ്യം.

സിനിമാ ലോകത്തേക്ക് വരുന്ന സമയത്ത് വളരെ ചുരുങ്ങിയ സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ഭാഷാ ചിത്രങ്ങളിലും ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ ഒക്കെ ഒന്നോ രണ്ടോ വനിത അസിസ്റ്റന്റ്സ് ആണ് ഉള്ളത്. ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ വസ്ത്രാലങ്കാരികയായ സഹ സംവിധായികയെ ഞാനിന്നും ഓര്‍മിയ്ക്കുന്നു. വരും ദിവസങ്ങളില്‍ ഇനിയും ഒരുപാട് പേര്‍ ഈ മേഖലയില്‍ ഉണ്ടാവണം’- പ്രിയ മണി പറഞ്ഞു

വനിത സാങ്കേതിക പ്രവര്‍ത്തകരും ഏറെ കഴിവുള്ളവരാണ് എന്നാണ് എന്റെ വിശ്വാസം. ഒരു അവസരം നല്‍കി കഴിഞ്ഞാല്‍ മാത്രമേ അവരുടെ കഴിവുകള്‍ തിരച്ചറിയാന്‍ സാധിയ്ക്കുകയുള്ളൂ. ഇപ്പോള്‍ എല്ലാ മേഖലകളിലം സ്ത്രീ സാന്നിധ്യം ഉണ്ട്. സഹ സംവിധായകര്‍, സംവിധായകര്‍, ഛായാഗ്രഹകര്‍, വസ്ത്രാലങ്കാരികള്‍ അങ്ങനെ എല്ലാ മേഖലയിലും സ്ത്രീകളുണ്ട്. അത് ഇനിയും കൂടണം.

നാരപ്പ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രിയ മണിയുടേതായി റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വിരട്ട് പര്‍വ്വം, മൈദാന്‍, സൈനേഡ്, ക്വട്ടേഷന്‍ ഗ്യാങ്, ഖയ്മാര തുടങ്ങി തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് പ്രിയ.