മുന്നില്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് മകളുടെ ആത്മാവ് കാറിനുള്ളില്‍ ഉള്ളതുകൊണ്ടാണത്രേ! എന്തൊരു വിരോധാഭാസമാണിതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപയും പിഴ ശിക്ഷ കോടതി വിധിച്ചു. കോടതി വിധി കേള്‍ക്കാനായി വിസ്മയയ്ക്ക് വിവാഹ സമയം സമ്മാനം നല്‍കിയ കാറിലാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പോയത്. ഈ സംഭവം വൈകാരികത നിറച്ച് പറഞ്ഞതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.

വിസ്മയക്കേസിലെ വിധിയിലൂടെ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ഘാതകന് ശിക്ഷ ലഭിക്കുന്നു എന്നത് ആശ്വാസകാരാണ് എങ്കിലും സ്ത്രീധനം നല്‍കുന്നതിനെ അതങ്ങനെ ന്യായീകരിക്കപ്പെടും? സ്ത്രീധനമായി നല്‍കിയ പൊന്നും പണവും കാറും വിശുദ്ധമാകില്ല. ഇത്തരം അതിവൈകാരികത സമൂഹത്തിലേക്ക് പടര്‍ത്തുമ്പോള്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്ന ഒരു നരേറ്റീവ് സൃഷ്ടിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്യുന്നത്..-ശ്രീജിത്ത് പെരുമന കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍ ഇങ്ങനെ, ‘വിസ്മയയ്ക്ക് സ്ത്രീധനം നല്‍കിയ കാറിലാണ് അച്ഛന്‍ ത്രിവിക്രമന്‍ കോടതിയിലേക്ക് തിരിച്ചത്…’ ഇന്ന് രാവിലെ മുതല്‍ ചില മാധ്യമങ്ങള്‍ കാണിക്കുന്ന വാര്‍ത്തയാണിത്! വിസ്മയയുടെ അച്ഛന്‍ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് പോകുന്നത് മകള്‍ക്ക് സ്ത്രീധനം നല്‍കിയ കാറിലാണെന്ന് വൈകാരികത നിറച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. മുന്നില്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് മകളുടെ ആത്മാവ് കാറിനുള്ളില്‍ ഉള്ളതുകൊണ്ടാണത്രേ! എന്തൊരു വിരോധാഭാസമാണിത് ?

വിസ്മയക്കേസിലെ വിധിയിലൂടെ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ഘാതകന് ശിക്ഷ ലഭിക്കുന്നു എന്നത് ആശ്വാസകാരാണ് എങ്കിലും സ്ത്രീധനം നല്‍കുന്നതിനെ അതങ്ങനെ ന്യായീകരിക്കപ്പെടും? സ്ത്രീധനമായി നല്‍കിയ പൊന്നും പണവും കാറും വിശുദ്ധമാകില്ല. ഇത്തരം അതിവൈകാരികത സമൂഹത്തിലേക്ക് പടര്‍ത്തുമ്പോള്‍ സ്ത്രീധനത്തെ ന്യായീകരിക്കുന്ന ഒരു നരേറ്റീവ് സൃഷ്ടിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്യുന്നത്..

സ്ത്രീധനം വാങ്ങുന്നതു പോലെ നല്‍കുന്നതും കുറ്റകരമായ ഒരു നിയമ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നാണ് നമ്മള്‍ ഈ സാമൂഹിക വിപത്തിനെതിരെ പോരാടുന്നത് എന്നോര്‍ക്കണം. പെണ്ണ് ആണിനേക്കാള്‍ പദവീപരമായി താഴെയാണ് എന്ന ബോധത്തില്‍ ആണിന് നല്‍കുന്ന കൈക്കൂലിയാണ് സ്ത്രീധനം. അതുകൊണ്ടാണ് അത് വാങ്ങുന്നതു പോലെ കൊടുക്കുന്നതും തെറ്റാകുന്നത്. സ്ത്രീധനം നല്‍കിയ കാറിനെ വിശുദ്ധമാക്കുന്നതിലൂടെ സ്ത്രീധനത്തെയാണ് നിങ്ങള്‍ വിശുദ്ധമാക്കുന്നത്. ദയവായി അത് ചെയ്യാതിരിക്കുക. വിസ്മയയുടെ അച്ഛന്‍ ഇന്ന് എത്കാറില്‍ യാത്ര ചെയ്തു എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അദ്ദേഹം ഇന്ന് ഓട്ടോ പിടിച്ച് പോയാലും ഇന്നത്തെ ശിക്ഷാവിധിയാണ് പ്രധാനം. അത് സമൂഹത്തിന് നല്‍കേണ്ട ഗുണപരമായ സന്ദേശത്തെയാണ് ഇത്തരം വിലകുറഞ്ഞ സെന്‍സേഷന്‍ കൊണ്ട് നാം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നത്.