സിപിഎം നേതാക്കളുടെ തുടർച്ചയായുള്ള യോ​ഗങ്ങളിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫണ്ടിങ് അല്ല ചർച്ച, എങ്ങനെ ഒത്തുതീർപ്പിലെത്താമെന്നതാണെന്ന് അനില്‍ അക്കര

കരുവന്നൂർ വിഷയത്തിൽ എന്തിനാണ് ആരോപണവിധേയനായ ആളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. സിപിഎം നേതാക്കൾ തുടർച്ചയായി യോഗങ്ങൾ നടത്തുന്നത് കരുവന്നൂർ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫണ്ടിങ് അല്ല ചർച്ചയായത്. എങ്ങനെ ഒത്തുതീർപ്പിലെത്താമെന്നതായിരുന്നു ചർച്ചയെന്ന് അനില്‍ അക്കര ആരോപിച്ചു.

‘‘കരുവന്നൂരൂം കൊടകര കുഴൽപ്പണക്കേസും തമ്മിൽ പരസ്‌പര ബന്ധമുണ്ട്. അതുകൊണ്ട് രണ്ടുകേസും അട്ടിമറിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ശ്രമിക്കുകയാണ്. കൊടകര കുഴൽപ്പണ കേസിലെ പ്രതി ദീപക് ശങ്കരൻ ബിജെപിക്കാരനെന്നു ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ ഈ സംഭവത്തിന്റെ അന്വേഷണം യഥാർഥ പ്രതികളിലേക്കു പോയില്ല. അതിന്റെ കാരണം കൊടകര കേസിലെ പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനല്ലൂർ സഹകരണ ബാങ്കായതിനാലാണ്.

കുട്ടനല്ലൂർ ബാങ്കിൽ വലിയ വായ്‍പാ കൊള്ളയാണ് നടന്നത്. കൊടകര കുഴൽപ്പണ കേസിലെ പ്രതിയുടെയും ഭാര്യയുടെയും പേരിൽ കുട്ടനല്ലൂർ സഹകരണ ബാങ്കിൽനിന്ന് വ്യാജമായി വായ്‌പ നൽകിയിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരൻ സതീഷ്‌കുമാറാണ് ഈ ഇടപാടിനു പിന്നില്‍. കരുവന്നൂർ അന്വേഷണം കുട്ടനല്ലൂർ ബാങ്കിലേക്കും എത്തിയതായാണു വിശ്വാസം. സിപിഎം പ്രതിരോധത്തിലാകുമെന്നതിനാലാണ് കരുവന്നൂർ പ്രശ്നം പരിഹരിക്കാൻ ഇന്നലെവരെയില്ലാത്ത ആവേശം സിപിഎമ്മിനുള്ളത്.’’– അനിൽ അക്കര ആരോപിച്ചു.

കൊടകര കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യഥാർഥത്തിൽ ചെല്ലേണ്ടത് കുട്ടനല്ലൂർ സഹകരണ ബാങ്കിലേക്കാണ്. ഡിവൈഎഫ്ഐ നേതാവ് പ്രസിഡന്റായ ബാങ്കിൽനിന്നാണ് വ്യാജവായ്‌പ നൽകിയിട്ടുള്ളത്. ഇതു കുട്ടനല്ലൂർ ബാങ്കിൽ കുഴൽപ്പണക്കാർക്ക് വലിയ ബന്ധം ഉണ്ടെന്നതിന്റെ തെളിവാണ്. ഒരു പരിചയവുമില്ലാത്ത ആളിന്റെ ആധാരംവച്ചാണ് പണമെടുത്തത്. കുഴൽപ്പണക്കേസിൽ ശരിയായ അന്വേഷണം നടന്നിരുന്നെങ്കിൽ ബിജെപി മാത്രമല്ല സിപിഎമ്മും പ്രതിയായേനെ. അതുകൊണ്ടാണ് അന്വേഷണം നിലച്ചത്.