ഒരു പറ്റം പെണ്‍കുട്ടികളുടെ പഠനം പലപ്പോഴും അടുക്കളപ്പണി കഴിഞ്ഞ് നട്ടപ്പാതിരയ്ക്ക് ആവാറുണ്ട്, അഞ്ജലി ചന്ദ്രന്‍ പറയുന്നു

വിവാഹ ശേഷം സ്ത്രീകള്‍ക്ക് പലര്‍ക്കും വിദ്യാഭ്യാസവും ജോലിയുമൊക്കെ ഇപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്. പലര്‍ക്കും ഈ അനുഭവം ഇപ്പോഴും നേരിടേണ്ടതായി വരുന്നുണ്ട്. വിവാഹ വേദിയില്‍ നിന്നും പരീക്ഷാ ഹാളിലേക്ക് എത്തുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകളുമെത്താറുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

വിവാഹത്തിന് മുന്‍പുള്ള പഠനവും അതിനു ശേഷം ഉള്ള പഠനവും എന്തൊക്കെ പറഞ്ഞാലും രണ്ടു തട്ടില്‍ തന്നെ ആണ്. വിവാഹ ശേഷം ഭര്‍തൃ വീട്ടിലെ ഓരോ മോശം അനുഭവങ്ങളും പെണ്‍കുട്ടികളുടെ പഠനത്തെ വളരെ മോശമായി തന്നെ ബാധിക്കും. ചിലര്‍ക്കൊക്കെ പഠനത്തോടൊപ്പം സൗഹൃദങ്ങള്‍ക്ക് വരെ വിലക്ക് നേരിടേണ്ടി വരാറുണ്ട്. വിവാഹിതരായ പല പെണ്‍കുട്ടികളും വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് പഠിക്കാന്‍ പോവുക. കരുതല്‍ ഉള്ള ഭര്‍തൃവീട്ടുകാര്‍ ആണെങ്കില്‍ അവര്‍ക്ക് കുറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പഠനം പൂര്‍ത്തിയാക്കാന്‍ പറ്റും. നല്ല മനസ്സുള്ള ചിലരൊക്കെ വിവാഹ ശേഷവും പെണ്‍കുട്ടികളോട് സ്വന്തം വീട്ടില്‍ തന്നെ താമസിച്ച് തുടര്‍ന്ന് പഠിക്കാന്‍ സമ്മതിക്കും. ഇനി ഇതിലൊന്നും പെടാത്ത ഒരു പറ്റം പെണ്‍കുട്ടികളുടെ പഠനം പലപ്പോഴും അടുക്കളപ്പണി കഴിഞ്ഞ് നട്ടപ്പാതിരയ്ക്ക് ആവാറുണ്ട്.- അഞ്ജലി പറയുന്നു.

അഞ്ജലി ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ, വിവാഹ മണ്ഡപത്തില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക് എന്ന സ്ഥിരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആ പെണ്‍കുട്ടികള്‍ ‘വിവാഹം കഴിഞ്ഞും പഠിക്കാലോ ‘ എന്ന സിംപിള്‍ ആയ ഡയലോഗില്‍ കടന്നു പോവുന്ന ഞാണിന്‍ മേല്‍ കളികള്‍ ഓര്‍ത്ത് സഹതാപം തോന്നാറുണ്ട്. പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ഇതേ പോലെ പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞ ഒരാളാണ് ഞാന്‍ . അത് കൊണ്ട് തന്നെ ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് മറ്റാരേക്കാളും ആധികാരികമായി പറയാന്‍ എനിക്കും അര്‍ഹത ഉണ്ട് എന്നുറച്ച് വിശ്വസിക്കുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാഴ്ച ലീവിന് ശേഷം താമസസ്ഥലത്തേക്ക് തിരികെ എത്തിയ എനിക്ക് എഴുതി തീര്‍ക്കാന്‍ പരീക്ഷകള്‍ ഉണ്ടായിരുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളും വിരുന്നു പോക്കും കഴിഞ്ഞ് പുസ്തകം തുറന്നു പോലും നോക്കാതെ പരീക്ഷ എഴുതാന്‍ ട്രെയിന്‍ കേറിയ എന്നെ കാത്തിരുന്ന സത്യപ്രഭു എന്ന സുഹൃത്ത് ഉണ്ടായത് കൊണ്ട് മാത്രമാണ് അന്നത്തെ പരീക്ഷകള്‍ എല്ലാം ഞാന്‍ പാസായത്. ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് എല്ലാ സ്റ്റഡി മെറ്റിരിയലും ഞാന്‍ എത്തുന്ന മുന്‍പ് എനിക്ക് വേണ്ടി എടുത്ത് വെച്ച കുറെ നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. പ്രഭു പഠിച്ച ശേഷം എന്തായാലും വരാന്‍ സാധ്യത ഉണ്ട് എന്ന് ഉറപ്പ് വരുത്തിയ പാഠ ഭാഗങ്ങള്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവന്റെ കൂടെ ഇരുന്നു പഠിച്ച് പരീക്ഷയ്ക്ക് എഴുതി രക്ഷപ്പെടാന്‍ സാധിച്ചു .പങ്കാളിയും എന്റെ വീട്ടുകാരും സുഹൃത്തുക്കളും ഉള്ളത് കൊണ്ട് മാത്രമാണ് ഒരുപാട് സംഘര്‍ഷം ഉണ്ടായ സമയം ആയിട്ടും അന്ന് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

വിവാഹത്തിന് മുന്‍പുള്ള പഠനവും അതിനു ശേഷം ഉള്ള പഠനവും എന്തൊക്കെ പറഞ്ഞാലും രണ്ടു തട്ടില്‍ തന്നെ ആണ്. വിവാഹ ശേഷം ഭര്‍തൃ വീട്ടിലെ ഓരോ മോശം അനുഭവങ്ങളും പെണ്‍കുട്ടികളുടെ പഠനത്തെ വളരെ മോശമായി തന്നെ ബാധിക്കും. ചിലര്‍ക്കൊക്കെ പഠനത്തോടൊപ്പം സൗഹൃദങ്ങള്‍ക്ക് വരെ വിലക്ക് നേരിടേണ്ടി വരാറുണ്ട്. വിവാഹിതരായ പല പെണ്‍കുട്ടികളും വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് പഠിക്കാന്‍ പോവുക. കരുതല്‍ ഉള്ള ഭര്‍തൃവീട്ടുകാര്‍ ആണെങ്കില്‍ അവര്‍ക്ക് കുറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പഠനം പൂര്‍ത്തിയാക്കാന്‍ പറ്റും. നല്ല മനസ്സുള്ള ചിലരൊക്കെ വിവാഹ ശേഷവും പെണ്‍കുട്ടികളോട് സ്വന്തം വീട്ടില്‍ തന്നെ താമസിച്ച് തുടര്‍ന്ന് പഠിക്കാന്‍ സമ്മതിക്കും. ഇനി ഇതിലൊന്നും പെടാത്ത ഒരു പറ്റം പെണ്‍കുട്ടികളുടെ പഠനം പലപ്പോഴും അടുക്കളപ്പണി കഴിഞ്ഞ് നട്ടപ്പാതിരയ്ക്ക് ആവാറുണ്ട്. വിവാഹം കഴിഞ്ഞ ഉടനെ പരീക്ഷ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതൊന്നും ഞങ്ങള്‍ക് അറിയണ്ട , ബന്ധുവീട്ടില്‍ ഒക്കെ വിരുന്നിനു പോവണം എന്ന് പറയുന്ന ഭര്‍തൃ വീട്ടുകാര്‍ ഉള്ള വീടുകള്‍ ഇഷ്ടം പോലെ ഉണ്ട്.

വിവാഹത്തലേന്ന് വരെ മകന്റെയും വീട്ടിലെ എല്ലാവരുടെയും കാര്യങ്ങളുടെ ഉത്തരവാദിത്തം വിവാഹം കഴിഞ്ഞ് വന്ന പിറ്റേ ദിവസം മുതല്‍ സ്വിച്ച് ഇടുന്ന പോലെ വധുവായി വരുന്ന പെണ്‍കുട്ടിയില്‍ എത്തുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. വധുവിനേക്കാള്‍ പ്രായം കൂടുതല്‍ ഉള്ള ഭര്‍തൃ സഹോദരി വിവാഹിത അല്ലെങ്കിലും അവള് രാത്രി മുഴുവന്‍ കണ്ണ് കടഞ്ഞ് പഠിച്ചതാണ് എന്ന് പറഞ്ഞു കൊണ്ട് മോളെ വേഗം ഇഡ്ഡലിയ്ക്ക് ചമ്മന്തി ഉണ്ടാക്കി വെച്ചാല് നമുക്ക് അടുത്ത പണി തീര്‍ക്കാന്‍ എളുപ്പമാണ് എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ഇനി സഹായ മനസ്ഥിതി ഉള്ള പങ്കാളി ഉണ്ടെങ്കില്‍ പഠനകാലത്തെ ഭാരം കുറച്ച് എങ്കിലും കുറവ് ഉണ്ടെങ്കിലും തലയില്‍ വരുന്ന ഉത്തരവാദിത്തം വളരെ കഠിനം തന്നെയാണ്. പലപ്പോഴും സ്വന്തം വൈവയിലും വലുത് ഭര്‍തൃകുടുംബത്തിലെ ബന്ധുക്കളുടെ വിവാഹവും മരണവും ഒക്കെ തന്നെ ആവും. തുടര്‍ന്ന് ജീവിക്കേണ്ടത് അല്ലെങ്കില്‍ മുന്നോട്ട് ഉള്ള ജീവിതത്തില്‍ ഇവരൊക്കെ തന്നെയാണ് നമുക്ക് വേണ്ടത് എന്ന ഒറ്റ വാക്കില്‍ പരീക്ഷയുടെ സ്റ്റഡി ലീവില്‍ കല്യാണം കൂടാന്‍ പോയ പെണ്‍കുട്ടികളെ അറിയാം . ഇനി പോവാതെ ഇരുന്നാല്‍ സ്വസ്ഥത തരില്ല എന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ച രക്ഷിതാക്കളെ പ്രാകുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. ഇതിനിടയില്‍ വീട്ടിലേക്ക് കുഞ്ഞികാല്‍ കാണാന്‍ ഉള്ള ആഗ്രഹത്തില്‍ വിവാഹം കഴിപ്പിച്ച വീട്ടുകാര്‍ കൂടി ആണെങ്കില്‍, കുഞ്ഞു ഉണ്ടായാല്‍ ഞങ്ങള്‍ നോക്കാം നിനക്ക് പഠിക്കാലോ എന്നൊക്കെ പറഞ്ഞു കുഞ്ഞു കൂടി വന്നു പഠനം നിര്‍ത്തിയ വേറെ കുറെ ആളുകള്‍ ഉണ്ട്.

കല്യാണം കഴിഞ്ഞും പഠിക്കാന്‍ വിടുന്നുണ്ടല്ലോ എന്നത് വല്യ കാര്യമായി പറയുന്ന മാതാപിതാക്കളും സ്വന്തം മകളോട് അവള് അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ചോദിക്കില്ല. വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്ന ഒരുപാട് ഭര്‍തൃ വീട്ടുകാര്‍ ഇനി അവള് പഠിച്ച് ഉദ്യോഗസ്ഥ ആയിട്ട് വേണ്ട കുടുംബം പുലരാന്‍ എന്ന് പറഞ്ഞു പഠിത്തം നിര്‍ത്തിയ ഒരുപാട് പേരുടെ ജീവിതം മുന്നിലുണ്ട്. സ്വന്തം പഠനവും സ്റ്റഡി ലീവും വരെ നാത്തൂന്റെ പ്രസവം മുതല്‍ അടുത്ത വീട്ടിലെ കല്യാണം വരെ നോക്കി പ്ലാന്‍ ചെയ്തു പണി കിട്ടിയ ഒരുപാട് പേരുള്ള ഒരു തലമുറയില്‍ ആണ് ജനിച്ചു പോയത്. ഇതൊക്കെ പത്തിരുപത് വര്‍ഷം മുന്‍പ് വളരെ സ്വാഭാവികമായ ഒരു കാര്യം ആയിരുന്നു. പക്ഷേ കാലം മാറി, കഥ മാറി. അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ജോലി ആയി തങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മതി വിവാഹം എന്നത് ഇന്നത്തെ പെണ്‍കുട്ടികള്‍ തീരുമാനിച്ച് തുടങ്ങി. അത് കൊണ്ട് തന്നെ ഈ വിവാഹ മണ്ഡപത്തില്‍ നിന്ന് പരീക്ഷ ഹാളിലേക്ക് എന്ന തലക്കെട്ടുകള്‍ നമ്മളുടെ മാധ്യമങ്ങള്‍ ഗ്ലോറിഫൈ ചെയ്യുന്ന ഏര്‍പ്പാട് നിര്‍ത്തണം.