പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം, ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു, ആന്‍ അഗസ്റ്റിന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ അഗസ്റ്റിന്റെ മകളായ താരം എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. ജോമോന്‍ ടി ജോണുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് അവസാനിപ്പിച്ചത്. അഭിനയ രംഗത്തേക്ക് ശക്തമായി മടങ്ങി വരികയാണ് നടി. ഇപ്പോള്‍ തന്റെ വിശേഷങ്ങളും വിവാഹത്തെയും ഒക്കെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ആന്‍ അഗസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ, മനസ്സിനേറ്റ ചില മുറിവുകള്‍ സമയമെടുത്ത് ഉണങ്ങും. അച്ഛന്റെ മരണമുണ്ടാക്കിയ വേദന ഒരിക്കലും മറികടക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. പല പ്രതിസന്ധികളിലും അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. അച്ഛന്‍ എന്നെ ‘വിക്കീ’ എന്നു വിളിക്കുന്നത് ഒരിക്കല്‍ക്കൂടി കേള്‍ക്കാനായെങ്കില്‍ എന്ന് മോഹിക്കാറുണ്ട്. ാനിപ്പോഴും അച്ഛനോടു സംസാരിച്ചു കൊണ്ടേയിരിക്കുന്നു. എവിടെയോ ഇരുന്ന് അച്ഛനതെല്ലാം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഇത്രയും പോസിറ്റീവ് ആയി സംസാരിക്കാനാകുന്നത്. മറ്റൊരു ജന്മത്തില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടും, ഉറപ്പാണ്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അച്ഛന്റെ എല്ലാ സുഹൃത്തുക്കളും ഞങ്ങള്‍ക്കൊപ്പമുണ്ട്. വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രഞ്ജിത്തങ്കിളിനെ (സംവിധായകന്‍ രഞ്ജിത്) വിളിക്കും. മുഴക്കമുള്ള ശബ്ദത്തില്‍ അങ്കിള്‍ പറയും, ‘ഞാനില്ലേ നിന്റെ കൂടെ.’ അതു കേള്‍ക്കുന്നത് തന്നെ വലിയ ആശ്വാസമാണ്.

പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നത്. വിധിയില്‍ വിശ്വസിക്കുന്ന ആളാണു ഞാന്‍. ജീവിതത്തില്‍ ഇതെല്ലാം എ ന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകള്‍ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു

മുന്‍പു പറഞ്ഞതു പോലെ പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാന്‍ കാണുന്നത്. ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എന്നും പ്രാര്‍ഥിക്കുന്ന ആളാണ് ഞാന്‍. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാര്‍ഥനയാകാം ആ ദിവസങ്ങള്‍ മറികടക്കാന്‍ സഹായിച്ചത്. കരഞ്ഞു തകര്‍ന്ന് ഉറങ്ങാന്‍ കിടന്നാലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ മനസ്സു പറയും സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളില്‍ നിന്നൊക്കെ ഉണര്‍ന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു. അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാന്‍ മാത്രം ഉള്‍പ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നില്‍ക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവര്‍ക്കും പ്രശ്‌നങ്ങളില്ലേ? എന്നെക്കാള്‍ എത്രയോ വലിയ സങ്കടങ്ങള്‍ നേരിടുന്നവരുണ്ടാകും.