പൂച്ചയെ രക്ഷിക്കാന്‍ ജീവനം പണയം വെച്ച് കിണറ്റിലിറങ്ങിയ അര്‍ച്ചന ഇനി സിവില്‍ ഡിഫന്‍സ് അംഗം

കണ്ണവം:കിണറ്റില്‍ പൂച്ച വീണാല്‍ രക്ഷിക്കാന്‍ പല വഴികളുണ്ട്.എന്നാല്‍ 24 കോല്‍ ആഴത്തില്‍ നിന്നും പൂച്ചയുടെ കരച്ചില്‍ കേട്ടപ്പോള്‍ കണ്ണവം വെങ്ങളം കോളനിയിലെ ആരാമത്തില്‍ പി.അര്‍ച്ചന കൃഷ്ണന്‍ മറ്റൊന്നും ചിന്തിച്ചില്ല.സ്വന്തം ജീവന്‍ പോലും പണയം വെച്ച് പൂച്ചയെ രക്ഷിക്കാനായിരുന്നു തീരുമാനം.ഉടന്‍ തന്നെ അര്‍ച്ചന കിണറ്റിലിറങ്ങി.മോട്ടറുമായി ബന്ധിപ്പിച്ച കയറില്‍ തൂങ്ങിയാണ് അര്‍ച്ചന കിണറിലിറങ്ങിയത്.പൂച്ചയെ രക്ഷിക്കുകയും ചെയ്തു.എന്നാല്‍ ഒടുവില്‍ നീന്തല്‍ അറിയാത്ത അര്‍ച്ചനയെ കരക്കുകയറ്റാന്‍ ഫയര്‍ഫോഴ്‌സ് വേണ്ടിവന്നു.

കിണറ്റില്‍ വീണ പൂച്ച പരക്ഷപ്പെടാനായി ഒരു ദിവസം മുഴുവന്‍ ശ്രമിച്ചു.എന്നാല്‍ അത് സാധ്യമാകാതെ വന്നപ്പോള്‍ സങ്കടം തോന്നി.അതോടെയാണ് കിണറ്റില്‍ ഇറങ്ങിയതെന്ന് അര്‍ച്ചന പറഞ്ഞു.പടവുകളില്‍ വഴുക്കല്‍ കാരണം തിരികെ കയറാന്‍ അര്‍ച്ചനയ്ക്കായില്ല.അഞ്ച് കോല്‍ വെള്ളമുള്ള കിണറില്‍ അരമണിക്കൂര്‍ കുടുങ്ങിയ അര്‍ച്ചനയെ കൂത്തുപറമ്പ് ഫയര്‍ഫോഴ്‌ലസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കരക്ക് എത്തുമ്പോഴേക്കും ആ പൂച്ചയെ അര്‍ച്ചന ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് അര്‍ച്ചനയുടെ വീട്ടിലെ കിണറ്റില്‍ പൂച്ച വീഴുന്നത്.പൂച്ചയെ രക്ഷപ്പെടുത്താന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല.വൈകിട്ട് കിണറ്റിലിറങ്ങാന്‍ അര്‍ച്ചന ശ്രമം നടത്തി,അമ്മ തടഞ്ഞു.ഒടുവില്‍ അര്‍ച്ചന ഇന്നലെ രാവിലെ കിണറ്റിലിറങ്ങാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.കൂത്തുപറമ്പിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ് അര്‍ച്ചന.വെങ്ങളം ആരാമത്തില്‍ വിജയന്റെയും ഉഷയുടെയും മകളാണ്.സ്റ്റേഷന്‍ ഓഫിസര്‍ പി.ഷനിത്തിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ.പി.റനീഷ് റോപ് ലാഡര്‍ വഴി കിണറ്റില്‍ ഇറങ്ങി അര്‍ച്ചനയെയും പൂച്ചയെയും സുരക്ഷിതമായി പുറത്ത് എത്താന്‍ സഹായിച്ചു.അര്‍ച്ചനയുടെ ധൈര്യം മനസ്സിലാക്കി കൂത്തുപറമ്പ് ഫയര്‍ റെസ്‌ക്യൂ സര്‍വീസിന്റെ സന്നദ്ധ സേനാ വിഭാഗമായ സിവില്‍ ഡിഫന്‍സ് അംഗം ആകാന്‍ സ്റ്റേഷന്‍ ഓഫിസര്‍ പി.ഷനിത്ത് അര്‍ച്ചനയെ ക്ഷണിച്ചിട്ടുണ്ട്.