അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് , 10 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇറ്റാനഗർ: 2024ലെ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെ ബിജെപിയുടെ 10 എംഎൽഎമാർ എതിരില്ലാതെ വിജയിച്ചു.

ആറ് മണ്ഡലങ്ങളില്‍ ഒരോ നാമനിര്‍ദേശ പത്രിക വീതം മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് ചൗനാ മേന്‍ വിജയിച്ചത്.

2019-ലാണ് അരുണാചലില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 41 സീറ്റായിരുന്നു നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എന്‍.പി.പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പിന്നീട് ജെ.ഡി.യു ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ഏഴ് എം.എല്‍.എമാര്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്നു.

മോദി കി ഗ്യാരണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവുമാണ് വിജയത്തിനു പിന്നിലെന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രി അശോക് സിംഗാൾ പറഞ്ഞു.