യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബാലയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

കൊച്ചി. വീട്ടില്‍ കയറി യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടന്‍ ബാലയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ യൂട്യൂബറായ അജു അലക്‌സിന്റെ പരാതിയില്‍ പോലീസ് ബാലയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. അതേസമയം പരിശോധനയിൽ തോക്കു കണ്ടെത്തിയില്ലെന്നു പോലീസ് പറഞ്ഞു. ബാലയെ വിമര്‍ശിച്ച് വിഡിയോ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് അജു അലക്‌സ് പറയുന്നു. ഫ്‌ലാറ്റിലെത്തിയ ബാല വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും.

വിഡിയോ എടുക്കുവനായി ഉപയോഗിച്ച ബാക്‌ഡ്രോപ് കീറിയ ശേഷം വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബാക്കി അപ്പോഴറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അതേസമയം സന്തോഷ് വര്‍ക്കി എന്ന വ്യക്തിയെ കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ ബാല കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

സിനിമാ മേഖലയിലെ പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിനാണ് സന്തോഷ് വര്‍ക്കിയെ കൊണ്ട് ബാല മാപ്പ് പറയിച്ചത്. തുടര്‍ന്ന് മാപ്പ് പറയിക്കാന്‍ ബാല കോടതിയാണോ എന്ന് ചോദിച്ച് അജു അലക്‌സും വീഡിയോ ചെയ്തു. അതേസമയം താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തോക്കുമായി പോയിട്ടില്ലെന്നുമാണ് ബാല പറയുന്നത്. അജു വീഡിയോകളില്‍ ഉപയോഗിക്കുന്ന ഭാഷയ്‌ക്കെതിരെയാണ് പ്രതികരിച്ചതെന്നും ബാല പറയുന്നു.