എനിക്ക് അവന്‍ വെറുമൊരു നായക്കുട്ടി ആയിരുന്നില്ല, ഉള്ളുതൊടും കുറിപ്പുമായി ബെന്യാമിന്‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ബെന്യാമിന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. അവിചാരിതമായി തന്റെ കുടുംബത്തിലേക്ക് കടന്നുവന്ന കുട്ടച്ചന്‍ എന്ന നായ്ക്കുട്ടിയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ക്യാന്‍സര്‍ പിടിപെട്ട് കുട്ടച്ചന്‍ ഇന്ന് ജീവനോടെ ഇല്ല. ജീവിച്ചിരുന്നെങ്കില്‍ ഇന്നവന് ഒരു വയസാകുമായിരുന്നവെന്ന് അദ്ദേഹം പറയുന്നു.

ബെന്യാമിന്‍ പങ്കുവച്ച മനസുലയ്ക്കുന്ന കുറിപ്പ്, ഞങ്ങളുടെ കുട്ടച്ചന്‍ ജീവിച്ചിരുന്നു എങ്കില്‍ അവനിന്ന് ഒരു വയസ് പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ വെറും ഒന്‍പത് മാസം മാത്രം ഈ ഭൂമിയിലെ ജീവിതം ആസ്വദിക്കുവാനേ അവന് ഭാഗ്യമുണ്ടായൊള്ളൂ. അല്ലെങ്കില്‍ അത്രകാലമേ അവന്റെ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായുള്ളൂ.

ചെറുപ്പകാലത്ത് ഒരു പശു ഉണ്ടായിരുന്നതൊഴിച്ചാല്‍ എന്റെ അന്‍പതു വര്‍ഷത്തെ ജീവിതത്തില്‍ പിന്നെ ഒരിക്കലും വീട്ടില്‍ ഒരുതരം വളര്‍ത്തു മൃഗങ്ങളും ഉണ്ടായിരുന്നില്ല. പിതാവിന് ഇഷ്ടമായിരുന്നില്ല എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ കുട്ടികള്‍ രണ്ടും ഏറെക്കാലമായി ഒരു പട്ടിയെയോ പൂച്ചയെയോ വാങ്ങണം എന്ന് ആഗ്രഹം പറഞ്ഞുകൊണ്ടേ ഇരിക്കുക ആയിരുന്നു എങ്കിലും കോവിഡ് കാലത്താണ് മനസില്ലാമനസോടെ ഒരു പട്ടിക്കുട്ടിയെ വാങ്ങാം എന്ന് ഞാന്‍ സമ്മതിക്കുന്നത്. അങ്ങനെയാണ് ഈ വര്‍ഷം ജനുവരി പതിനാലാം തീയതി വൈകുന്നേരം അവന്‍ ഞങ്ങളുടെ വീടിന്റെ ഭാഗമായി എത്തുന്നത്. അപ്പോഴവന് ഒരു മാസം പ്രായമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരു കുഞ്ഞ് സുന്ദരക്കുട്ടപ്പന്‍.

ഒരു കടുത്ത നായ വിരോധി കണ്ടാലും എടുത്തെന്ന് താലോലിക്കാന്‍ തോന്നുന്നത്ര ഓമനത്വം അവനുണ്ടായിരുന്നു. കുട്ടികള്‍ അവന് ലിയോ എന്ന് പേരിട്ടു. തുടക്കത്തില്‍, ആഹാരവും വെള്ളവും പാലും കൊടുക്കുക എന്നതിനപ്പുറം എനിക്കവനോട് പ്രത്യേക മമത ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ആയിരുന്നു അവന്റെ സംരക്ഷകന്‍. എന്നാല്‍ അങ്ങനെ ഒഴിഞ്ഞു മാറിനടക്കാന്‍ അവനെന്നെ സമ്മതിച്ചില്ല. പതിയെപ്പതിയെ അവന്‍ എന്റെ ജീവിതത്തിലേക്ക് അടുത്തുകൂടി വന്നു. കുസൃതിയും നിഷ്‌കളങ്കതയും സ്‌നേഹവുമായിരുന്നു അവന്റെ പ്രധാന ആയുധം. കാലിന്റെ ചുവട്ടില്‍ കിടന്നായി ഉറക്കം. തരം കിട്ടുമ്പോള്‍ ഒക്കെ മടിയിലേക്ക് ചാടി കയറി. പരിഗണിക്കാതെ ഇരുന്നാല്‍ കാലില്‍ വന്ന് തോണ്ടും, കടിക്കും. എന്തെങ്കിലും സാധനങ്ങള്‍ എടുത്തുകൊണ്ട് പോയി ഒളിപ്പിച്ച് വച്ചിട്ട് ഒളിഞ്ഞു നിന്ന് നോക്കും. പിന്നാലെ ചെന്ന് കളിക്കുന്നത് വരെ കുരച്ച് ബഹളമുണ്ടാക്കും. എത്ര പെട്ടെന്നാണ് അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടച്ചനും വീടിന്റെ അഭിഭാജ്യഘടകവുമായി മാറിയത്.

വീട്ടിന്റെ ഓരോരോ മൂലകളില്‍ അവരവരുടെ വിഷയങ്ങളുമായി കഴിഞ്ഞു കൂടിയിരുന്ന ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി അവന്‍ മാറി. അവനായി വീട്ടിലെ പ്രധാന ചര്‍ച്ചാവിഷയം. മൊബൈലുകള്‍ ഉപേക്ഷിച്ച് ഞങ്ങള്‍ അവനു ചുറ്റും ഒത്തുകൂടി. അവന്‍ ഞങ്ങളുടെ ദിവസങ്ങളെ വിരസതയില്‍ നിന്ന് മോചിപ്പിക്കുകയും തിരക്കുള്ളതാക്കുകയും ചെയ്തു. ദിവസത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം മാത്രം ഞങ്ങളെ വിളിക്കുമായിരുന്ന ആഷ അവനെയും അവന്റെ കുസൃതിയും കാണാനായി മാത്രം ദിവസത്തില്‍ നാലും അഞ്ചും തവണ വിദേശത്തു നിന്ന് വീഡിയോ കോള്‍ ചെയ്തു. കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും വിരുന്നുകാര്‍ക്കും അവന്‍ പ്രിയപ്പെട്ടവനായി മാറി. ഒരു മനുഷ്യനോടും അവന്‍ കുരച്ച് അപരിചിത്വം കാണിച്ചില്ല. എല്ലാവരുടെയും മുന്നില്‍ അവന്‍ വാലാട്ടി നിന്ന് സ്‌നേഹം പ്രകടിപ്പിച്ചു. ആര് വിളിച്ചാലും മടിയില്‍ കയറി ഇരിക്കും. ഏതെങ്കിലും വിരുന്നുകാര്‍ വന്നിട്ട് പോകുമ്പോള്‍ ചെറിയ കുട്ടികള്‍ കണക്കേ അവരോടൊപ്പം പോകാന്‍ ബഹളം കൂട്ടി.

ഞാന്‍ പുറത്തേക്ക് പോകാന്‍ വാതില്‍ തുറന്നാല്‍ എന്നെക്കാള്‍ മുന്‍പേ ഇറങ്ങിയോടി കാറിന്റെ വാതില്‍ക്കല്‍ ചെന്നു നില്‍പ്പായി. എവിടെ പോയാലും എന്നോടൊപ്പം മുന്‍സീറ്റില്‍ കയറിയിരുന്ന് യാത്രക്കാരനായി. ഇനി പുറത്തു കൊണ്ടുപോയില്ലെങ്കില്‍ തിരിച്ചു വരുന്നതുവരെ കരഞ്ഞുകൊണ്ട് വാതില്‍ക്കല്‍ കിടക്കും. വണ്ടിയുടെ ശബ്ദം കേട്ടാല്‍ ജനാലവഴി തല പുറത്തേക്കിട്ട് സ്‌നേഹാധിക്യവും സങ്കടവും പ്രകടിപ്പിക്കും. കുളിക്കാന്‍ കയറിയാല്‍ വാതില്‍ക്കല്‍ കാവലിരിക്കും. അല്‍പനേരത്തേക്ക് അകത്തു നിന്ന് ശബ്ദമൊന്നും കേട്ടില്ലെങ്കില്‍ തട്ടിവിളിക്കും. കുട്ടികള്‍ ആരെങ്കിലും വാതിലടച്ച് ഇരുന്നാല്‍ അവിടെ ചെന്ന് വാതില്‍ തുറക്കും വരെ ബഹളമുണ്ടാക്കിക്കൊണ്ടി രിക്കും. വീടിനുള്ളിലെ ഒരിടവും അവന് നിഷേധിക്കാന്‍ അവന്‍ സമ്മതിച്ചില്ല.

കുഞ്ഞായിരിക്കുമ്പോള്‍ തുണി വിരിച്ച് താഴെ കിടത്തി ഉറക്കിയാല്‍ ഉണരുമ്പോള്‍ അവന്‍ എഴുനേറ്റ് വന്ന് കൈയ്യുയര്‍ത്തി അവന്‍ എന്നെ തോണ്ടി വിളിക്കും. എടുത്ത് കട്ടിലില്‍ കിടത്തും വരെ കരഞ്ഞു ബഹളമുണ്ടാക്കും. ആഹാരം കഴിക്കുമ്പോള്‍ ഞങ്ങളിട്ടു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി മേശക്ക് കീഴെ മുഖത്തേക്ക് നോക്കിയിരിക്കും. കുറേക്കൂടി മുതിര്‍ന്നപ്പോള്‍ അവന്‍ അധികാര ഗര്‍വ്വോടെ സോഫയിലും കസേരയിലും കട്ടിലിലും കയറിയിരുന്നു. വഴക്ക് പറഞ്ഞാല്‍ അവന്‍ തിരിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്തെങ്കിലും കുസൃതി കാണിച്ചതിനു വഴക്ക് പറയാന്‍ ചെന്നാല്‍ ദയനീയമായ നോട്ടം കൊണ്ടും കാലില്‍ കെട്ടിപ്പിടിക്കുന്ന സ്‌നേഹം കൊണ്ടും അവന്‍ ഞങ്ങളെ നിശബ്ദരാക്കി. അങ്ങനെ അവന്‍ വളര്‍ന്നു മുതിര്‍ന്നു. നായക്കുട്ടിയുടെ നേര്‍ത്ത ശബ്ദം വെടിഞ്ഞ് മുറുക്കമുള്ള ശബ്ദത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. മറ്റ് നായ്ക്കളെ ഒന്നും ആ പരിസരത്ത് അടുപ്പിക്കാതെ ആയി. അവന്റെ സാമ്രാജ്യത്തില്‍ മറ്റൊരാള്‍ പ്രവേശിക്കുന്നത് അവനൊരിക്കലും സഹിച്ചില്ല. നായകള്‍ അറപ്പായിരുന്ന എന്റെ മുഖത്തും ശരീരത്തും മുട്ടിയുരുമ്മിയും കട്ടിലില്‍ കയറിക്കിടന്നും അവന്‍ ആ അറപ്പ് മാറ്റിയെടുത്തു.

എന്നാല്‍ ആ സൗഭാഗ്യത്തില്‍ അധികം തുടരാന്‍ വിധി ഞങ്ങളെ അനുവദിച്ചില്ല. ഒരു ദിവസം അവന് ശര്‍ദ്ദില്‍ തുടങ്ങി. ഫുഡ് ഇന്‍ഫക്ഷന്‍ എന്നാണ് കരുതിയത്. എന്നാല്‍ പരീക്ഷിച്ച മരുന്നുകള്‍ ഒന്നും ഫലിച്ചില്ല. അവന്റെ കണ്ണുകളില്‍ നിന്ന് ഉന്മേഷവും പ്രകാശവും പതിയെ കെട്ടു പോയി. ഓടിക്കളിക്കുന്നത് നിറുത്തി. മുഴുവന്‍ സമയവും കിടപ്പും ഉറക്കവും തന്നെ. ആഹാരം കഴിക്കുന്നത് വല്ലാതെ കുറഞ്ഞു. വെള്ളം കുടിക്കുന്നത് കുറഞ്ഞു. രാത്രി ഉറക്കം കുറഞ്ഞു. ശ്വസം മുട്ടല്‍ അനുഭവിക്കുന്നതായി തോന്നി. ചില രാത്രികളില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ അവന്‍ കട്ടിലിനു താഴെ വന്നിരുന്ന് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാനവനെ എടുത്തുകയറ്റി എന്റെ അടുത്ത് കിടത്തും. അപ്പോഴേക്കും കട്ടിലില്‍ സ്വയം കയറാന്‍ പോലും ആവാത്ത വിധം അവന്‍ ക്ഷീണിച്ചു പോയിരുന്നു. എങ്കിലും ആ വയ്യാഴ്ക ഒക്കെ പരമാവധി മറച്ചുവച്ച് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അല്‍പം ഉന്മേഷം തോന്നുന്ന അവസരത്തില്‍ ഓടിക്കളിക്കാനും കുസൃതി കാണിക്കുവാനും ശ്രമിച്ചു. എപ്പോഴും വാതിലിനു മുന്നില്‍ കാവല്‍ കിടന്നു. ആശ്രയത്വവും ഭയവും കൂടിയതു പോലെ പിന്നില്‍ നിന്ന് മാറാതെ ആയി. അപ്പോഴെല്ലാം കുഴപ്പമൊന്നുമില്ല ഫുഡ് ഇന്‍ഫക്ഷന്‍ മാത്രമാണ്, ശരിയാവാന്‍ സമയമെടുക്കും എന്നായിരുന്നു പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ പറഞ്ഞത്. നായയെ വളര്‍ത്തി മുന്‍പരിചയം ഒന്നുമില്ലാതിരുന്നതിനാല്‍ ഡോക്ടറുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടി കാര്യം തോന്നിയതുമില്ല.

പിന്നെയും അസുഖം ഭേദമാകുന്നില്ല എന്ന് കണ്ടപ്പോഴാണ് ആധുനിക സൗകര്യങ്ങള്‍ ഉള്ള ഒരു ആശുപത്രിയില്‍ അവനെ എത്തിക്കുന്നത്. അവിടുത്തെ വിദഗ്ധ പരിശോധയില്‍ ആണ് അവന് ക്യാന്‍സര്‍ എന്ന മഹാവ്യാധി ആണെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നത്. അപ്പോഴേക്കും അത് അവന്റെ ആന്തരീകാവയവങ്ങളെ ഏതാണ്ട് മുഴുവനായും കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു. ഒരു അവസാന ശ്രമമെന്ന നിലയില്‍ നടത്തിയ ഓപ്പറേഷനും അവനെ രക്ഷിക്കാനായില്ല. സെപ്റ്റംബര്‍ 26 രാത്രി അവന്‍ ഞങ്ങളെ വിട്ടുപോയി.

ആരായിരുന്നു എനിക്ക് കുട്ടച്ചന്‍..? അറിയില്ല. എന്തായാലും എനിക്ക് അവന്‍ വെറുമൊരു നായക്കുട്ടി ആയിരുന്നില്ല. അതിനുമപ്പുറം അവന്‍ എങ്ങനെയോ എന്റെ ആത്മാവിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വെറും ഇരുനൂറ്റി നാല്പത് ദിവസങ്ങള്‍ മാത്രമാണ് അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നതെങ്കിലും നിഷ്‌കപടമായ മൃഗസ്‌നേഹം എന്തെന്ന് ആ ദിവസങ്ങള്‍ കൊണ്ട് അവനെനിക്ക് പഠിപ്പിച്ചു തന്നു. അന്‍പത് വര്‍ഷത്തെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രകാശമാനമായ ദിവസങ്ങള്‍ സമ്മാനിച്ച ഒരു വെള്ളിനക്ഷത്രമായിരുന്നു കുട്ടച്ചന്‍. അവന്‍ വന്നു. കടന്നു പോയി. പക്ഷേ ആ പ്രകാശം എന്നും എന്റെ ബാക്കി ജീവിതത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ട കുട്ടച്ചാ നന്ദി.