ഉപരാഷ്ട്രപതി വരാനിരിക്കെ, കണ്ണൂരിൽ നാടന്‍ബോംബുകള്‍ ചാക്കില്‍കെട്ടി കലുങ്കിനടിയില്‍ ഒളിപ്പിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് പരിശോധനയില്‍ നാടന്‍ബോംബുകള്‍ ചാക്കില്‍കെട്ടി കലുങ്കിനടിയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഉപരാഷ്ട്രപതി തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ പരിശോധനയിലാണ് എട്ട് ബോംബുകള്‍ കണ്ടെത്തിയത്. ഇവ ബോംബ് സ്കോഡ് നിര്‍വീര്യമാക്കി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണൂരിലെത്തുന്നത്. അധ്യാപികയായിരുന്ന പാനൂര്‍ ചമ്പാട്ടെ രത്‌നാ നായരെ സന്ദര്‍ശിക്കാനായാണ് ഉപരാഷ്ട്രപതി കണ്ണൂരില്‍ വരുന്നത്. ഉച്ചയ്ക്ക് 1.05-ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം പാനൂരിലെ അധ്യാപികയുടെ വീട്ടിലെത്തും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 2.25-ഓടെ മട്ടന്നൂരിലേക്ക് മടങ്ങും. ശേഷം ഏഴിമല നാവിക അക്കാദമിയിലേക്ക് പോകും.

ഏകദേശം 1300-ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളം, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍,കതിരൂര്‍,പിണറായി,മമ്പറം തുടങ്ങിയ ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രമുണ്ട്. കണ്ണൂരില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.