സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അട്ടിമറിച്ചു, പരാതിക്കാരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി

തിരുവനന്തപുരം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം സിബിഐ അട്ടിമറിച്ചെന്ന് ആരോപിച്ച് പരാതിക്കാരി. ഇത് സംബന്ധിച്ച പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കി. കേസില്‍ മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ചത് അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

സാക്ഷികള്‍ക്ക് പണം നല്‍കിയതത് സിബിഐ അന്വേഷിച്ചിട്ടില്ല. വിഷയത്തില്‍ സാക്ഷി മൊഴി ലഭിച്ചിട്ടും അവഗണിച്ചുവെന്നും പരാതിക്കാരി പറയുന്നു. സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നതായി സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഉമ്മന്‍ ചാണ്ടി 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

എന്നാല്‍ ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ നിലപാടിനെ സിബിഐ ശരിവയ്ക്കുകമാത്രമല്ല ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമം നടന്നതായും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.