ഇറാഖിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പിൽ വിഷമയമായ കെമിക്കലുകൾ, അളവിൽ കൂടുതൽ ഈതലീൻ ​ഗ്ലൈക്കോളിന്റെ സാന്നിധ്യം

ഇറാഖിൽ വിറ്റഴിച്ച കോൾഡ് ഔട്ട് എന്ന ഇന്ത്യൻ നിർമിത കഫ്സിറപ്പിൽ വിഷമയമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ബ്ലൂംബെർ​ഗ് ന്യൂസ് നടത്തിയ പരിശോനയിലാണ് കണ്ടെത്തൽ. യു.എസിൽ നിന്നുള്ള വാലിഷർ എൽ.എൽ.സി. എന്ന ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കോൾഡ് ഔട്ടിൽ കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

സിറപ്പിൽ ഈതലീൻ ​ഗ്ലൈക്കോളിന്റെ സാന്നിധ്യം അളവിനേക്കാൾ 2.1 ശതമാനത്തോളം അധികം കണ്ടെത്തുകയായിരുന്നു. ഇത് വൃക്ക തകരാറിന് കാരണമാകും. പരിശോധനാഫലം ബ്ലൂംബെർ​ഗ് ലോകാരോ​ഗ്യസംഘടനയുമായും ഇറാഖിലെയും ഇന്ത്യയിലെയും ആരോ​ഗ്യവിഭാ​ഗവുമായും പങ്കുവെച്ചിട്ടുണ്ട്. ഉത്പന്നം ഇറാഖിൽ വിറ്റഴിച്ചിട്ടുണ്ടെന്ന് അവിടുത്തെ ആരോ​ഗ്യവിഭാ​ഗം വ്യക്തമാക്കിയാൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിക്കും.

ഇത്തരത്തിൽ ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകളിൽ അനുവദനീയമാം അളവിൽ ഈതലീൻ ​ഗ്ലൈക്കോൾ അടങ്ങിയതു സംബന്ധിച്ച് ഈ വർഷം മാത്രം അഞ്ചാമത്തെ കേസാണ് ഇത്. മുൻപും ഇത്തരത്തിലുള്ള പരാതികൾ വിവിധ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു. തുടർന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയിൽ പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ഉണ്ടായി.

ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരണപ്പെടുകയുണ്ടായി.