അബദ്ധത്തിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു, സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

കൊച്ചി: അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനായ കുട്ടി മരണപ്പെട്ടു. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ ഏക മകൻ പ്രിഥ്വിരാജാണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ കുട്ടിക്ക് വിദ​ഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് മരണപ്പെട്ടതെന്ന് വീട്ടുകാർ ആരോപിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് കുട്ടി നാണയം വിഴുങ്ങുന്നത്. തുടർന്ന് ആശുപത്രികളിലെത്തിയെങ്കിലുംചികിൽസ നൽകാൻ തയ്യാറായില്ലെന്നാണ് പരാതി. കണ്ടെയ്ൻമെന്റെ സോണിൽ നിന്നെത്തിയതിനാൽ പ്രവേശിപ്പിക്കാനാവില്ലെന്നും ഡോക്ടർമാർ ഗൗരവത്തോടെ കണ്ടില്ലെന്നും കുടുംബം ആരോപിച്ചു.

ആലുവ സർക്കാർ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോവാൻ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിർദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളജിലും കുട്ടിയെ കൊണ്ടുപോയി. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ രാത്രിയോടെ കുട്ടിയുടെ നില മോശമായി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നതിനാൽ കുട്ടിയെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് പറഞ്ഞെന്നാണ് കുട്ടിയുടെ മാതാവ് നന്ദിനി പറയുന്നത്. എന്നാൽ, പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാലാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോവാൻ പറഞ്ഞതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ട് പറയുന്നത്