ലഡാക്കില്‍ വീണ്ടും പ്രകോപനവുമായി ചൈന; നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് യുദ്ധവിമാനം

നിയന്ത്രണ രേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന. ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചൈനീസ് വിമാനം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇന്ത്യന്‍ വ്യോമസേന ജാഗ്രതയിലാവുകയും വിമാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തതായും പ്രതിരോധ വകുപ്പ് അറിയിച്ചു.

സൈനിക പിന്മാറ്റ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പ്രകോപനവുമായി ചൈന വീണ്ടും എത്തുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ നടത്തുന്ന കമാന്റര്‍ തല ചര്‍ച്ചകളില്‍ ഏതാനും മാസങ്ങളായി കാര്യമായ പുരോഗതി ഇല്ലെങ്കിലും മറ്റ് പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് നടന്നിരിക്കുന്ന പ്രകോപനം. സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെട്ടത്.

ചൈനീസ് വ്യോമസേന അതിര്‍ത്തി മേഖലയില്‍ തുടര്‍ച്ചയായി പരിശീലനം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു വിമാനം അതിര്‍ത്തികടന്ന് പ്രകോപനം കാണിച്ചതെന്നാണ് നിഗമനം. ആളില്ലാ വിമാനമല്ല മറിച്ച് ജെറ്റ് തന്നെയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കു കയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.

ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകള്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. 2020ല്‍ നടത്തിയതുപോലെ ചൈനയുടെ ഭാഗത്തുനിന്നും ധാരണകള്‍ തെറ്റിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പ്രതിരോധവകുപ്പ് ബീജിംഗിനെ അറിയിച്ചിട്ടുണ്ട്.