പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം

ഇന്ത്യ ചൈന 2 വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാ​ഹചര്യത്തിൽ കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈന പ്രകോപനം സ്യഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമിക്കുന്നത്. സേനാ പിൻമാറ്റത്തിന് ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം ധാരണയിലെത്തിയ സ്ഥലമാണിത്.

തടാകത്തിന്റെ ഇരുവശത്തു നിന്നും പാലം നിർമിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. 2020 മേയിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റത്തെത്തുടർന്ന് ആരംഭിച്ച സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണു പ്രകോപനം. ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ പറഞ്ഞു.

പ്രദേശത്തു ചൈന നിർമിക്കുന്ന രണ്ടാമത്തെ പാലമാണിത്. സൈനികർക്കും വാഹനങ്ങൾക്കും നീങ്ങാൻ സാധിക്കുന്ന ചെറുപാലത്തിന്റെ നിർമാണം കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു. ഇതിനു സമീപമാണു പുതിയ പാലം നിർമിക്കുന്നത്. പ്രദേശം തങ്ങളുടേതാണെന്നും 1962 മുതൽ ചൈന കയ്യടക്കി വച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇവിടെ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കുന്നില്ല.