ഇന്ത്യ-പാക്ക് പ്രശ്‌നം ഞങ്ങള്‍ പരിഹരിക്കാമെന്ന് ചൈന: വേണ്ടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-പാക്ക് സംയുകത് സഹകരണത്തിനുള്ള വഴി തുറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം ചൈനീസ് അംബാസിഡര്‍ പറഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാനുമായി വളരെ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ചൈനയുടെ ഭാഗത്തു നിന്നുള്ള ഈ നീക്കം ഇന്ത്യയ്ക്കുള്ള കെണികളാകാം എന്നും നിരീക്ഷണം ഉയരുന്നു. മൂന്നു രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നിലവില്‍ നില്‍ക്കുന്ന ഇന്ത്യ-പാക്ക്, ഇന്ത്യ-ചൈന പ്രശ്‌നം പോലും ഇല്ലാതാകുമെന്നാണ് ചൈനീസ് അംബാസിഡര്‍ ലുവോ സാഹിയുടെ നിര്‍ദേശം.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശത്തേക്കുറിച്ച് ഇന്ത്യയ്ക്ക് അറിയില്ലെന്നും, അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വെളിപ്പെടുത്തി വിദേശകാര്യ മന്ത്രാലയം ഇത് തള്ളി. ‘ചൈനയുടെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.’ മന്ത്രാലയം വ്യക്തമാക്കി.

മുംബൈയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കവേയായിരുന്നു ചൈനീസ് അംബാസിഡര്‍ ഈ ആവശ്യം ഉന്നയിച്ചത്. ‘എന്റെ കുറച്ച് ഇന്ത്യന്‍ സുഹൃത്തുക്കളാണ് ഈ ആശയം മുന്നോട്ട് വെച്ചത്. അപ്പോള്‍ അവരും ആഗ്രഹിക്കുന്നുണ്ട് മൂന്നു രാജ്യങ്ങളും തമ്മില്‍ ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്ന്. അത് വലിയൊരു ആശയമാണ്. ഉടനെ അല്ലെങ്കിലും ഭാവിയില്‍ അതു നടക്കും. നടന്നാല്‍ വലിയ നേട്ടമായിരിക്കും.’ അദ്ദേഹം പറഞ്ഞു. ഇതിനെ തള്ളിയാണ് ഇന്ത്യ രംഗത്തെത്തിയത്.