പൗരത്വ നിയമം നിലവിൽ വന്നു

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. രാജ്യ വ്യാപകം ആയി പ്രതിഷേധങ്ങൾ തുടരവെ ആണ് നിയമം നിലവിൽ വന്നത്. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്ത് ഇറക്കി. വെള്ളിയാഴ്ച രാത്രി ആണ് വിജ്ഞാപനം പുറത്ത് ഇറക്കിയത്. ഇതോടെ വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.

വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി. ഇസ്‍ലാമിക രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ബാവുൽ സുപ്രിയോ പ്രതികരിച്ചു. ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സി എ എ തട്ടിമാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനാണ് സി എ എ നിയമം പാസാക്കിയത്. ഡിസംബർ 11നാണ് ബിൽ പാര്‍ലമെന്റ് പാസാക്കിയത്. പൗരത്വം നിയമം നടപ്പാക്കുന്നതിൽനിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

പാർലമെന്റിന്റെ രണ്ടു സഭകളും പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കിയിരുന്നു. തുടർന്ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ബില്ലിനെതിരെ കോൺഗ്രസും ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. നിയമത്തിനെതിരെ കേരളനിയമസഭയും പ്രമേയം പാസാക്കി പ്രതിഷേധമറിയിച്ചിരുന്നു.

അതേസയം പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെ തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്ന് തന്നെയാണ് പറയാനുള്ളത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കണ്ട. നിയമത്തിന്റെ ബലം വച്ച്‌ എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല എന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് അത് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. നമ്മുടെ പൂര്‍വികര്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വിഭജിച്ച്‌ നിറുത്താനാണ് ശ്രമം. അത്തരം ഇടപെടലുകളെ ചെറുക്കണം. രാജ്യത്തെ മുഴുവന്‍ ശക്തികളും ഇതിനെതിരെ പോരാടണം. സ്വതന്ത്രമായും നിര്‍ഭയമായും മാദ്ധ്യമപ്രവര്‍ത്തനം നടത്താനുളള അവസരമില്ലാതായിട്ടുണ്ട്. കോര്‍പറേറ്റ് മൂലധനം ഈ മേഖലയെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വലിയ ആപത്താണ്. പ്രതിസന്ധിയിലായ മാദ്ധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് ന്യായമായ എല്ലാ സഹായങ്ങളും നല്‍കും. മാദ്ധ്യമപ്രവര്‍ത്തകരുടെ ജീവിതവും സര്‍വീസും ഭദ്രമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.