അമർനാഥിൽ കണ്ണീർ മഴയായി മേഘവിസ്ഫോടനം, മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു.

 

ശ്രീനഗർ/ ജമ്മു കശ്മീരിലെ അമർനാഥിൽ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. നാൽപതിലേറെ പേരെ കാണാതായിട്ടുണ്ട്. കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ വ്യോമമാർഗം ആശുപത്രിയിൽ എത്തിച്ച്‌ വരുന്നു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം ഉണ്ടായത്. അമര്‍നാഥ് ഗുഹയ്ക്കുമുകളില്‍ നിന്ന് തുടർന്ന് ജലപ്രവാഹമുണ്ടാവുകയായിരുന്നു. ഇതോടെ അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലി കമായി നിര്‍ത്തിവച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്.

ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയി.മരണസംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തി വരുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു.