കന്യാസ്ത്രീകളും സ്ത്രീകളുമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികന്‍, അബദ്ധം സംഭവിച്ചതെന്ന് പ്രതികരണം

കണ്ണൂര്‍: കന്യാസ്ത്രീകളും മറ്റ് സ്ത്രീകളും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ച വൈദികനെതിരെ മാനന്തവാടി രൂപതയുടെ നടപടി. കണ്ണൂര്‍ അടയ്ക്കത്തോട് പള്ളി വികാരിയായ ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ രൂപതയെ സമീപിച്ചിരുന്നു.

നാനൂറില്‍ അധികം സ്ത്രീകള്‍ അംഗങ്ങളായ ഭക്തസംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വികാരി സെബാസ്റ്റ്യന്‍ അശ്ലീല വീഡിയോ അയച്ചത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ കണ്ടതോടെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇവര്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് പെരുന്നേടത്തിന് പരാതി നല്‍കുകയും ചെയ്തു. വൈദികനെതിരെ നടപടി വേണമെന്നായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടത്. സ്ത്രീകളുടെ പരാതി സ്വീകരിച്ച രൂപത ഇത് പരിശോധിക്കുകയും സംഭവം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെ പരാതി ലഭിച്ചതായി മാനന്തവാടി രൂപത വ്യക്തമാക്കി. പരാതി ലഭിച്ചുവെന്നും വൈദികനെ ചുമതലകളില്‍ നിന്നും തത്കാലം നീക്കിയതായും മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം വ്യക്തമാക്കി. പരാതി ഗൗരവകരമായി കാണുന്നുവെന്നും മൂന്നംഗ കമ്മിറ്റി തെളിവെടുപ്പ് നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും രൂപത വ്യക്തമാക്കി. വൈദികന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സാലു എബ്രഹാം പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.

മറ്റൊരു വൈദികന്‍ അയച്ചു തന്ന വീഡിയോ തിരികെ അയച്ചപ്പോള്‍ ഗ്രൂപ്പിലേക്ക് മാറി അയച്ചതാണെന്നാണ് ഫാദര്‍ സെബാസ്റ്റ്യന്‍ പറയുന്നത്. തനിക്ക് പിശക് സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസം മുമ്പായിരുന്നു വൈദികന്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്. മാനന്തവാടി രൂപതയുടെ കീഴിലുള്ള 12 ഇടവകളിലെ മാതൃവേദി സംഘടനയുടെ ഡയറക്ടറാണ് ഫാദര്‍ സെബാസ്റ്റ്യന്‍.