കോൺഗ്രസ്, എൻ സി പി കൂട്ടുകെട്ട് ഉദ്ധവിന് വിനയായി, കാൽ കീഴിലെ മണ്ണ് പോലും ഒലിച്ചു പോയി.

 

താക്കറെ കുടുംബത്തിൽനിന്ന് മഹാരാഷ്ട്രയുടെ തലപ്പത്തെത്തിയ ഉദ്ധവ് താക്കറെ ഒടുവിൽ അതേമണ്ണിൽ സ്വന്തം പാർട്ടി നേതാക്കളുടെ ചരട് വലിയിൽ നിലം പൊത്തി വീണു. അധികാര കസേരക്കായി തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകളും തുടർന്നുള്ള ഭരണവും രണ്ടര വർഷക്കാലം അരങ്ങു തകർത്തപ്പോൾ കാൽ കീഴിലെ മണ്ണാണ് ഒലിച്ച് പോയികൊണ്ടിരുന്നതെന്നു ഉദ്ധവ് താക്കറെ അറിഞ്ഞില്ല.

ശിവസേന പിറന്ന ശിവാജി പാർക്കിൽ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ 2019 നവംബർ 28ന് ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. ശിവസേനക്ക് ജീവൻ നൽകി പരിപാലിച്ചു വന്ന ബാൽ താക്കറെയുടെ ഗർജനത്തിൽ എന്നും നടുങ്ങുമായിരുന്ന മണ്ണിൽ മകൻ ഉദ്ധവ് കാലം കാത്തുവച്ച പോലെ മുഖ്യമന്ത്രി പദത്തിലെത്തുകയായിരുന്നു.

2019 ഒക്ടോബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 288 സീറ്റുകളിൽ ബിജെപി – ശിവസേന സഖ്യം 161സീറ്റും കോൺഗ്രസ്–എൻസിപി സഖ്യം 98 സീറ്റും നേടുകയാ യിരുന്നു. മറ്റുളളവർ 29 സീറ്റുകളും നേടി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന ആശയത്തിൽ ഉണ്ടായ തർക്കമാണ് ശിവസേനയും ബി ജെ പിയും തമ്മിൽ അകൽച്ചയിലാകാൻ വഴിയൊരുക്കുന്നത്.

ബി ജെപിയോടു വഴിപിരിഞ്ഞു കോൺഗ്രസ്, എൻസിപി കൂട്ടുകെട്ടിനായുള്ള നീക്കമാണ് ശിവസേന തുടക്കം മുതൽ നടത്തിയത്. ഇതിനിടെയാണ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ശിവസേനയുമായി ഉടക്കി, എൻസിപിയിൽ നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ പിന്തുണയോടെ ഫഡ്നാവിസ് അധികാരത്തിലെത്തുകയായിരുന്നു. ഫഡ്നാവിസിനു കീഴിൽ 3 ദിവസം എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായെങ്കിലും എൻസിപി അംഗങ്ങൾ ഒപ്പം നിൽക്കാത്തതിനാൽ സർക്കാർ നിലംപൊത്തുകയായിരുന്നു.

വിരുദ്ധ നിലപാടുകൾ ഉള്ള കോൺഗ്രസും ശിവസേനയും ഒത്തുചേരുമെന്നു ഫഡ്നാവിസും ബിജെപിയും ഒരിക്കലും കരുതിയില്ല. ആ രാഷ്ട്രീയ ചതിക്ക് മരുന്ന് കൂട്ടിയത് എൻസിപി തലവൻ ശരദ് പവാർ ആയിരുന്നു. കോൺഗ്രസും ശിവസേനയും എൻസിപിയും ഒരുമിച്ച് മഹാവികാസ് അഘാഡി (എംവിഎ) സഖ്യം രൂപീകരിക്കുക വഴി ബി ജെ പി യുടെ മഹാരാഷ്ട്ര ഭരണം എന്ന സ്വപ്നമാണ് അന്ന് തകർത്തത്.

മഹാവികാസ് അഘാഡിയുടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു പിന്നെ. എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീൽ ആണ് ഉദ്ധവിന്റെ പേര് അന്ന് നിർദേശിക്കുന്നത്. അങ്ങനെ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാര കസേരയിൽ എത്തി.

2019ൽ ബിജെപിയുമായി പിണങ്ങിയത്തിൽ പിന്നെ ശിവസേന കോൺഗ്രസുമായും എൻസിപിയുമായും അടുത്തപ്പോൾ തന്നെ ശിവസേനയിൽ വിമത സേന പിറവിയെടുക്കുകയായിരുന്നു. ആദ്യം തന്നെ ഈ കൂട്ടുകെട്ടിനെ ഷിൻഡെ പരസ്യമായി എതിർക്കുകയാണ് ഉണ്ടായത്. ഷിൻഡെയുടെ എതിർപ്പുകളെ പാർട്ടി അന്ന് അവഗണിച്ചു.

ഒരു സമയത്ത് മുഖ്യമന്ത്രിപദത്തിലേക്കു പോലും പരിഗണിക്കപ്പെട്ട ഷിൻഡെ മഹാ വികാസ് അഘാഡിയിൽ ഉപമുഖ്യമന്ത്രിപദം ആഗ്രഹിച്ചിരുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് ഭരണം നീളുമ്പോൾ പലപ്പോഴും ഉദ്ധവ് താക്കറെയെ ഒന്ന് കാണാൻ പോലും കഴിയാത്ത സ്ഥിതി വന്നതോടെ ഷിൻഡെയുടെ വിയോജിപ്പുകൾക്ക് ഘനം കൂടി. മന്ത്രിയെന്ന നിലയിൽ ഷിൻഡെ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി തിരുത്താൻ തുടങ്ങിയത് അകൽച്ചക്ക് ആക്കം കൂട്ടി. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്ന നിർദേശത്തിനു പിറകെ, ഷിൻഡെയുടെ വകുപ്പിൽ മകൻ ആദിത്യ താക്കറെയുടെ ഇടപെടലുകളും ഉണ്ടായി.

രാജ്യസഭാ, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഷിൻഡെയുടെ അഭിപ്രായങ്ങൾ മാനിച്ചില്ല. അതിന്റെ ഏകോപനച്ചുമതലയിൽ നിന്ന്
ഷിൻഡെയെ ഒഴിവാക്കി. ശിവസേനാ എംഎൽഎമാർക്ക് ആവശ്യമായ ഫണ്ട് കിട്ടുന്നില്ലെന്ന ഷിൻഡെയുടെ പരാതിപോലും മുഖ്യമന്ത്രി അവഗണിച്ചു. ഹിന്ദുത്വ അജൻ‍ഡ ശിവസേന മയപ്പെടുത്തുന്നത് പാർട്ടിക്കു തിരിച്ചടിയുണ്ടാകുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് ശിവസേനയുടെ വിശ്വാസപ്രമാണങ്ങളുടെ സംരക്ഷകനായി ഷിൻഡെ വിമത സേനക്ക് തിരികൊളുത്തുകയായിരുന്നു.

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തലതൊട്ടപ്പനായി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഭരണം നടത്തി വന്ന ഉദ്ധവ് താക്കറെ കാൽച്ചുവട്ടിലെ മണ്ണ് പോലും ഒഴുകിപ്പോയ അവസ്ഥയിലാണ് ഒടുവിൽ നാടകീയമായി രാജി വെക്കേണ്ടി വന്നിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ താനില്ലെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് രാജി നൽകുകയായിരുന്നു. രണ്ടര വർഷം മുൻപ്, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ താൻ അധികാര ഭൃഷ്ടനാക്കിയ ഫഡ്നാവിസിന്റെ കൈകളിലേക്ക് മഹാരാഷ്ട്രയുടെ ഭരണത്തിന്റെ കടിഞ്ഞാൺ നൽകിയാണ് ഉദ്ധവിന് ഒടുവിൽ പടിയിറങ്ങേണ്ടി വന്നത്.