കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്, എതിരാളികളേയും പാർട്ടിയുള്ളവരേയും വകവരുത്തുന്നത് പാർട്ടി ശൈലി

ആലപ്പുഴ: കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് കെ സുധാകരൻ. അവര്‍ എതിരാളികളെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെയുമൊക്കെ കൊല്ലും. കൊന്നതിനുശേഷം തള്ളിപ്പറയുന്നതും അത് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് സി.പി.എം ശൈലി. സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തനു വിഷം കൊടുത്തതാണെന്നാണു ജനസംസാരം. സിപിഎം നേതാക്കളുമായി തെറ്റുന്ന പ്രവർത്തകർ ‘ഞാൻ എല്ലാം തുറന്നു പറയണോ’ എന്നു ചോദിക്കുന്നു. കൊടി സുനി ഉദാഹരണം. ഇപ്പോൾ ഏതു ജയിലിൽ പോയാലും സുനിയാണു സൂപ്രണ്ട്. എല്ലാ സൗകര്യങ്ങളും നൽകുന്നു. ഇവരെയൊക്കെ നേതാക്കൾക്ക് അത്രയ്ക്കു ഭയമാണ്. ഈ ഭയത്തിൽനിന്നാണു കുഞ്ഞനന്തൻ മരിച്ചതെന്നു സിപിഎമ്മിൽ തന്നെ സംസാരമുണ്ടെന്നും സുധാകരൻ പറഞ്ഞു. കുത്തനന്തന്റെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. എല്ലാം വിളിച്ച് പറയുമെന്ന് പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണം.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് സി.പി.എമ്മിന്റെ പ്രചരണ രീതി. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നത്.

മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും കാണാന്‍ പോകുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി സി.പി.ഒ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഒഴിവ് ഉണ്ടായിട്ടും നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് പുല്ലു തിന്നും ശവമഞ്ചത്തില്‍ കിടന്നും മുട്ടിലിഴഞ്ഞും ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോഴാണ് മുന്‍കൂട്ടി തയാറാക്കിയ ചോദ്യവുമായി മുഖ്യമന്ത്രി മുഖാമുഖത്തിന് ഇറങ്ങിയിരിക്കുന്നത്.