സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക്: വൈറസിന് ജനിതക വ്യതിയാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിച്ച വ്യാപനശേഷിക്ക് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നുവെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിൻറെ കൂടുതൽ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകർ പറയുന്നത്. കേരളത്തിലെ 179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാർസ് കൊറോണ 2 ൻറെ ഇന്ത്യൻ ഉപവിഭാഗമായ 2എ എ2എ ആണെന്നും നിർണയിക്കാൻ സാധിച്ചു. സാമ്പിളിൽ നിന്ന് കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗാണുക്കളെയാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ കേരളത്തിൽ ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂർ, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ 222, പത്തനംതിട്ട 221, കാസർഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.