വ്യാജരേഖകൾ ഉണ്ടാക്കി 2 കോടിയിലധികം രൂപ തട്ടി, തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പരാതി

തൃശൂർ : തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഹെഡ് ക്ലർക്ക് ചക്കച്ചൻകാട് കോട്ടാട്ടിൽ സുനീഷിനെതിരെ ബാങ്ക് സെക്രട്ടറി വിനോദ് കുമാർ ശനിയാഴ്ച പഴയന്നൂർ പോലീസിൽ പരാതി നൽകി. നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം വ്യാജരേഖകൾ ഉണ്ടാക്കി പണം പിൻവലിക്കുകയായിരുന്നു.

നിക്ഷേപകർ പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. സംഭവത്തെ തുടർന്ന് ബാങ്ക് സെക്രട്ടറി പഴയന്നൂർ പോലീസിൽ പരാതി നൽകി. 15 ലധികം പേരുടെ പണമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സഹകരണ വകുപ്പ് തലത്തിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. സഹോദരങ്ങളുടെയും ബന്ധുകളുടെയും പേരുകളിൽ അക്കൗണ്ടുകൾ തുടങ്ങിയാണ് തുകകൾ പലപ്പോഴായി പിൻവലിച്ചത്.

യോഗം സുനീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബാങ്ക് സെക്രട്ടറി അറിയിച്ചു. ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്.