ഫാമിലി ഡോക്ടറുമായി വീഡിയോ കോൾ ചെയ്യണം, കെജ്‌രിവാളിന്റെ ആവശ്യം തള്ളി കോടതി

ന്യൂഡൽഹി : ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം തേടാൻ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവളിന്റെ ആവശ്യം. ഇത് കോടതി തള്ളി.

ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ബോർഡ് സംഘത്തെ നിയോ​ഗിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. പ്രമേ​ഹം നിയന്ത്രിക്കാൻ ഇൻസുലിൻ ആവശ്യമുണ്ടോയെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആരോ​ഗ്യപ്രശ്നം കെജ്രിവാളിനുണ്ടോയെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു.

മെഡിക്കൽ ബോർഡ് സംഘത്തിൽ എയിംസിൽ നിന്നുള്ള എൻഡോക്രിനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമുണ്ടാകണം. കെജ്‌രിവാളിന്റെ ആരോ​ഗ്യനിലയ്‌ക്ക് അനുയോജ്യമായ ആഹാരക്രമീകരണവും വ്യായാമവും മെഡിക്കൽ ബോർഡ് നിർദേശിക്കേണ്ടതാണെന്നും പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടു.